കൊട്ടിക്കലാശത്തിൽ സംസ്ഥാനത്താകെ വൻ സംഘർഷം; കരുനാഗപ്പള്ളി എംഎൽഎക്ക് പരിക്ക്, കണ്ണീർ വാതകം പ്രയോഗിച്ചു
തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ആവേശത്തിമർപ്പിൽ കൊട്ടിക്കലാശത്തിന് പരിസമാപ്ത്തം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം മാത്രം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ സംസ്ഥാനത്താകെ വൻ സംഘർഷാവസ്ഥ.ക്രെയിനിലും ജെസിബിയിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തതെന്നത് ശ്രദ്ധേയമായി. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശം അവസാനിച്ചതോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കും.
കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷം. കരുനാഗപ്പള്ളി എംഎല്‍എക സിആര്‍ മഹേഷിന് പരിക്കേറ്റു.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും, സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്.
തിരുവനന്തപുരം മണ്ഡലത്തിലെ കൊട്ടിക്കലാശം നടന്ന പേരൂര്‍ക്കടയിൽ മഴ പെയ്തെങ്കിലും പ്രവര്‍ത്തകരുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.നെയ്യാറ്റിൻകരയിൽ പൊലീസ് ലാത്തിവീശി. കെഎസ്‍യു-കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെയാണ് പൊലീസ് ലാത്തിവീശിയത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമം അഴിച്ചുവിട്ടു .മഴ പെയ്യുന്നതിനിടെയും പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. ഇതിനെചൊല്ലിയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. കെഎസ്ആര്‍ടിസി ബസിനു കേടുപാട് സംഭവിച്ചു.
കൊല്ലം പത്തനാപുരത്ത് യുഡിഎഫ്-എല്‍ഡിഎഫ് സംഘർഷം കയ്യാങ്കളിയിലെത്തി.ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ നേരിയ സംഘര്‍ഷമാണ്ടായി.കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കി. രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.