ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന് പരാതി, പരാതിയെത്തുടർന്നു വ്യാപക പ്രതിഷേധം.
അടൂർ∙ ശസ്ത്രക്രിയ ചെയ്യാനായി അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതിയെത്തുടർന്നു വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം നൽകിയ പരാതിയിൽ നടപടി വൈകുന്നുവെന്നാരോപിച്ച് ആശുപത്രിയിൽ പ്രതിഷേധം. സംഭവം അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
അസി.സർജൻ ഡോ.വിനീതിനെതിരെയാണു പരാതി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോൾ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നൽകിയെന്നാണു രോഗിയുടെ ബന്ധുവിന്റെ വാദം. ഇതിന്റെ ശബ്ദരേഖ ഉൾപ്പെടെ പുറത്തു വന്നിരുന്നു. എന്നാൽ 28നാണു പരാതി കിട്ടിയതെന്നും ഈ മാസം 4ന് അന്വേഷണം നടത്തിയിരുന്നെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
വിവാദമായതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എഐവൈഎഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായെത്തി. ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജയകൃഷ്ണൻ പള്ളിക്കൽ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.