കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നവം.17ന്
2024 നവംബർ 17ന് യാഥാർഥ്യമാകുന്നത് 15 ജോഡി നിർധനരായ യുവതീ യുവാക്കളുടെ വിവാഹ സ്വപ്നം!
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സമൂഹ വിവാഹം’ നവംബർ 17,ഞായറാഴ്ച്ച കമ്പൽപാഡയിലുള്ള മോഡൽ കോളേജിൽ വെച്ച് നടക്കും.വിവാഹത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 15 ജോഡി- യുവതീയുവാക്കളുടെ മംഗല്യ സ്വപ്നങ്ങൾ ഇതോടെ യാഥാർഥ്യമാകും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അർഹതപ്പെട്ടവരെ കണ്ടെത്തിയാണ് സമൂഹവിവാഹം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ അറിയിച്ചു.സഹായ മനസ്ക്കരായ വ്യക്തികളുടെയും മറ്റ് സംഘടനകളുടെയും സാമ്പത്തിക സഹകരണത്തിലൂടെയാണ് നിർധനരായ മുപ്പതുപേർക്ക് പുതു ജീവിതം സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങൾ ,വീട്ടുപകരണങ്ങൾ ,സാമ്പത്തിക സഹായം എന്നിവ ഈ രീതിയിൽ സമാഹരിച്ചാണ് വധൂവരന്മാർക്ക് കൈമാറുന്നത്. ഇവർക്ക് മതാചാരപ്രകാരം വിവാഹം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.
കേരളീയ സമാജത്തിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘പ്ലാറ്റിനം ജൂബിലി’ ആഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ പറഞ്ഞു. ഇതൊരു മാതൃകയാക്കി മറ്റു സമാജങ്ങളും മുന്നോട്ടുവന്നാൽ നിർധനരായ നിരവധി യുവതീയുവാക്കൾക്ക് വലിയൊരു കൈത്താങ്ങായി അതുമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏഷ്യയിലെ തന്നെ അംഗസംഖ്യകൊണ്ട് ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയാണ് കേരളീയസമാജം ഡോംബിവ്‌ലി . കലാസംസ്‌കാരിക മേഖലകളിലും വിദ്യാഭ്യാസരംഗത്തും മികച്ച സംഭാവനകൾ നലകിയ ,നൽകി കൊണ്ടിരിക്കുന്ന സമാജം ഏഴു പതിറ്റാണ്ടിലധികമായി ജീവകാരുണ്യപരമായ പ്രവർത്തനങ്ങളിലും വളരെ സജീവമാണ് . ദേശത്തിനും ഭാഷകൾക്കും അതീതമായി സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞ സമാജം ആദ്യമായാണ് ഒരു സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.തീർച്ചയായും ഇത് സമാജത്തിൻ്റെ സേവനപാതയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.