സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി കൈമാറിയത്. സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന് ഗവര്‍ണർക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ വിസി എം.ആര്.ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടെന്നാണ് സൂചന. വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നാലെ വിസിയെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. മാര്‍ച്ചിലാണ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത്.
ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിരമിച്ച ജഡ്ജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്കു കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്. വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 29 പേരില്‍ നിന്ന് കമ്മിഷന് മൊഴിയെടുത്തിരുന്നു.
സംഭവം തടയുന്നതില്‍ വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ക്യാംപസിന്റെയും ഹോസ്റ്റലിന്റെയും പ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകളെക്കുറിച്ചും കമ്മിഷന് അന്വേഷിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും കമ്മിഷന് ശുപാര്‍ശ ചെയ്യും. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്ഥന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇങ്ങനെയാണ് സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്.