4 മണിക്ക് മുമ്പ് എന്നെ ഗസ്റ്റ് ഹൗസിൽ കാണാൻ വരൂ. അല്ലെങ്കിൽ…’; എംഎൽഎ പി.വി. അൻവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ശകാരിച്ചു

0

 

മലപ്പുറം∙ നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പി.വി.അൻവര്‍ എംഎല്‍എ. വനംവകുപ്പ് റേഞ്ച് ഓഫിസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. നിലമ്പൂർ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയുടെ വാഹനം മാറ്റി നിർത്താൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാണ് അൻവറിനെ ചൊടിപ്പിച്ചത്.

വാഹനം ആദ്യം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തെങ്കിലും മാറ്റിയിടണമെന്നു പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം പി.വി.അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറ‍ഞ്ഞ ഓഫിസര്‍ ആരാണെന്ന് ചോദിച്ച് അൻവര്‍ ഓഫിസിലേക്ക് എത്തി. എന്നാല്‍, ഓഫിസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണ് റേഞ്ച് ഓഫിസറോട് അൻവര്‍ കയര്‍ത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് അൻവർ പറയുന്നത്.

വാഹനം മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്നു കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും പി.വി.അൻവര്‍ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും പറഞ്ഞ് രോഷത്തോടെ സംസാരിച്ചശേഷമാണ് പരിപാടിയുടെ അധ്യക്ഷനായ അൻവര്‍ മടങ്ങിപ്പോയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *