‘കോൾഡ്പ്ളേ ‘ ടിക്കറ്റുവിൽപ്പന ‘ബ്ളാക്കിൽ ‘: ആശിഷ് ഹേംരാജനിക്ക് സമൻസ് .
മുംബൈ :പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ ‘കോൾഡ്‌പ്ലേ’യുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ‘ബിഗ് ട്രീ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡി’ (www.bookmyshow.com) ൻ്റെ സി ഇ ഒ -ആശിഷ് ഹേംരാജനിക്ക് മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമൻസ് അയച്ചു. മുംബൈയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് ഹേമരാജനിക്ക് സമൻസ് അയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .
2025 ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിലാണ് ‘കോൾഡ്‌പ്ലേ’ യുടെ സംഗീത പരിപാടി അരങ്ങേറുന്നത് . 2016 ൽ മുംബൈയിൽ വച്ചുനടന്ന ‘ഗ്ളോബൽ സിറ്റിസൺ ഫെസ്റ്റിവലി’നുശേഷം 9 വർഷങ്ങൾക്ക് ശേഷമാണ് ലോക പ്രശസ്‌തമായ ഈ ബാൻഡ് വീണ്ടും പരിപാടി അവതരിപ്പിക്കാനായി എത്തുന്നത് . ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നടത്തുന്ന സംഗീതയാത്രയുടെ ഭാഗമായാണ് ലക്ഷകണക്കിന് ആരാധകരുള്ള ഇന്ത്യയിലും ബാൻഡ് എത്തുന്നത്. സെപറ്റംബർ 22 മുതൽ ഓണലൈൻ വഴി ഇതിൻ്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു.. നിരവധി ആരാധകർ ടിക്കറ്റ് കിട്ടാതെ നിരാശപ്പെട്ടിരിക്കവെയാണ് ‘ബ്ലാക്കി’ൽ വിൽപ്പന നടക്കുന്നതായ വാർത്ത പ്രചരിക്കുന്നത്.