റെക്കോര്‍ഡിട്ട് കൊച്ചി വിമാനത്താവളം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഏകദേശം 1.12 കോടി യാത്രക്കാരാണ് വിമാനത്താവള സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.33 ശതമാനത്തിന്റെ (6.66 ലക്ഷം പേരുടെ വര്‍ധന) വര്‍ധനയാണ് രേഖപ്പെടുത്തിയത്.കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുറത്തിറക്കിയ 2025 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2024-25 ല്‍ 59,26,244 ആഭ്യന്തര യാത്രക്കാരും 52,69,721 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം വഴി കടന്നുപോയത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് യഥാക്രമം 40,603, 29,601 എന്ന ക്രമത്തിലാണ്.
ആഭ്യന്തര യാത്രയില്‍ 5.85 ശതമാനത്തിന്റെയും അന്താരാഷ്ട്ര യാത്രയില്‍ 6.87 ശതമാനത്തിന്റെയും വര്‍ധന ഉണ്ടായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 70,204 വിമാനങ്ങളാണ് ഇവിടെ എത്തിയത്. 8.36 ശതമാനം വര്‍ധന. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ് കൊച്ചി. എന്നാല്‍ ഈ വര്‍ഷത്തെ ഏപ്രില്‍-ജൂലൈ വിന്‍ഡോയില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി.