കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി ഇന്ന് ശ്രദ്ധാകേന്ദ്രം; കേന്ദ്രത്തിന്റെ വിൽപന ‘ഡിസ്കൗണ്ട്’ വിലയ്ക്ക്
നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള 6,000 കോടിയോളം രൂപയുടെ കരാർ അടുത്തിടെ ചൈനയെ പിന്തള്ളി ഇന്ത്യ നേടിയിരുന്നു.കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി ഓഹരി വിൽപന പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ ഏത് ദിശയിലേക്ക് നീങ്ങുമെന്ന ഉറ്റുനോട്ടത്തിൽ നിക്ഷേപകർ. കേന്ദ്രസർക്കാർ 5% ഓഹരികൾ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി ഇന്നും നാളെയുമായി വിറ്റഴിക്കുമെന്ന് ഇന്നലെ വൈകിട്ടാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കൊച്ചിൻ ഷിപ്പ്‍യാർഡ് അറിയിച്ചത്.
ഡിസ്കൗണ്ട് നിരക്കിലാണ് കേന്ദ്രത്തിന്റെ ഓഹരി വിൽപന. അതായത്, കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ നിലവിലെ ഓഹരി വിലയേക്കാൾ കുറഞ്ഞനിരക്കിൽ. ഇന്നലെ ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചപ്പോൾ വില 1,673 രൂപയായിരുന്നു. കേന്ദ്രം ഒഎഫ്എസിൽ ഓഹരി വിൽക്കുന്നതാകട്ടെ ഇതിനേക്കാൾ 8% ഡിസ്കൗണ്ടോടെ 1,540 രൂപയ്ക്കും. ഇക്കഴിഞ്ഞ ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ എക്കാലത്തെയും ഉയർന്ന വില. അന്ന് വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടവും ഒരുവേള കൊച്ചിൻ ഷിപ്പ്‍യാർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ലാഭമെടുപ്പ് കനത്തതോടെ ഓഹരി വില പിന്നോട്ടിറങ്ങി. നിലവിൽ വിപണിമൂല്യം 44,013 കോടി രൂപയാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരിവില 900 ശതമാനത്തിലധികം ഉയർന്നിരുന്നു. 210 ശതമാനത്തോളമാണ് കഴിഞ്ഞ ഒരുവർഷത്തെ നേട്ടം. എന്നാൽ, കഴിഞ്ഞ മൂന്നുമാസത്തിനിടെ വില 39% കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‍യാർഡ്. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നുമാണ്. വിദേശത്ത് നിന്നുള്ളത് ഉൾപ്പെടെ ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകൾ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൈവശമുണ്ട്.
റഷ്യക്കുവേണ്ടി നോൺ – ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള 6,000 കോടിയോളം രൂപയുടെ കരാർ അടുത്തിടെ ചൈനയെ പിന്തള്ളി ഇന്ത്യ നേടിയിരുന്നു. ഒരു കേന്ദ്ര പൊതുമേഖലാ കപ്പൽശാലയിലും ഒരു സ്വകാര്യ കപ്പൽശാലയിലുമാകും ഈ കപ്പലുകൾ നിർമിക്കുകയെന്നാണ് സൂചനകൾ. കൊച്ചിൻ ഷിപ്പ്‍യാർഡിനെ പരിഗണിച്ചേക്കാമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.