കോച്ചിങ് സെന്റർ ദുരന്തം; പോസ്റ്റ്മോർട്ടത്തിനുശേഷം നെവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡൽഹി : ഡൽഹി കരോൾബാഗിലെ സ്വകാര്യ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്മോർട്ടം. ഇന്നലെ വൈകീട്ടോടെ ഡൽഹിയിലെത്തിയ അമ്മാവൻ ലിനു രാജ്, നെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കരോൾബാഗിൽ വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. നീതി കിട്ടും വരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഇവർ അറിയിച്ചു. വിദ്യാർഥികൾ കരോൾബാഗ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്നലെ ഗതാഗത തടസ്സം നേരിട്ടതോടെ പ്രതിഷേധക്കാരായ വിദ്യാർഥികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ (എംസിഡി) ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഓടകൾ വൃത്തിയാക്കാത്തതാണ് കോച്ചിങ് സെന്ററിലുണ്ടായ ദുരന്തത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ അനധികൃതമായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നതെന്ന് ഞായറാഴ്ച എംസിഡി അധികൃതർ പറഞ്ഞിരുന്നു. എൻഒസിയിൽ സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. നേരത്തേ ഇതേ വിഷയം ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിലെ വിദ്യാർഥി എംസിഡിക്കു പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. സർക്കാരിന്റെ നിസംഗതയാണ് ദുരന്തത്തിന് കാരണമായതെന്നും നീതി ലഭിക്കും വരെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നുമാണ് വിദ്യാർഥികളുടെ നിലപാട്.