ഗുരുവിനെ പകര്‍ത്തിയ നേതാവ്, വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി

0
VELLAPPALLI CM

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പെരിങ്ങമലയിലെ ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി വീണ്ടും മുഖ്യമന്ത്രി രംഗത്തെത്തിയത്. എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നത് വെള്ളാപ്പള്ളിയുടെ കാലത്താണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന് മൂന്ന് പതിറ്റാണ്ടിലേറെയായുള്ള നേതൃത്വമാണ്. ചടങ്ങില്‍ അദ്ദേഹത്തെ ആദരിക്കുന്നത് ഔചിത്യപൂര്‍ണ്ണമായ ഒരു നടപടിയാണെന്നും പിണറായി പറഞ്ഞു.ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ വളച്ചൊടിച്ച് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപിയും സമൂഹത്തിന് നല്‍കിയ സംഭാവനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ആശയമാണ് നവോത്ഥാന നായകനായ ശ്രീനാരായണഗുരു മുന്നോട്ടുവെച്ചത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസം ആണെന്നും ഗുരുവാണ് പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാന്‍ എസ്എന്‍ഡിപി പ്രവര്‍ത്തിച്ചു. അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സംഘടനയാണ് എസ്എന്‍ഡിപി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *