മുഖ്യമന്ത്രിയുടെ നിർദേശമെത്തി: സിഗ്നൽ ലഭിച്ചിടത്ത് രാത്രിയിലും പരിശോധന തുടരും
കൽപ്പറ്റ : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് രാത്രിയിലും പരിശോധന തുടരുന്നു. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്.
ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ട് എന്നായിരുന്നു സൂചന. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശമെത്തിയത്. ആദ്യ രണ്ട് പരിശോധനയിലും സിഗ്നൽ ലഭിക്കാതിരുന്നതോടെ പരിശോധന അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ റഡാറിൽ ശക്തമായ സിഗ്നല്‍ വീണ്ടും ലഭിച്ചതോടെയാണ് തകർന്ന കെട്ടിടത്തിനടുത്തായി സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കുകയായിരുന്നു.
സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ തെര്‍മല്‍ ഇമേജ് റഡാറിലാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന്റെ ഉള്ളില്‍ നിന്ന് ജീവന്റെ തുടിപ്പ് ഉള്ളതിന്റെ സിഗ്നല്‍ ആണ് ലഭിച്ചത്. 3 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ജീവനുള്ള വസ്തു എന്തുമാകാമെന്നും മനുഷ്യനാകണമെന്ന് ഉറപ്പില്ലെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ ദൂരേക്ക് മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്താണ് പരിശോധന. സിഗ്നല്‍ സംവിധാനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടാണ് ഇവിടെ പരിശോധന നടത്തുന്നത്. തകർന്ന വീടിന്റെ അടുക്കളഭാഗത്താണ് പരിശോധന നടക്കുന്നത്. ഈ വീട്ടിലെ 3 പേരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സി പരിശോധന തുടരുകയാണ്