മുഖ്യമന്ത്രിയുടെ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ വരികയായിരുന്നു. അത് ശരിയാക്കിയ ശേഷം പ്രസംഗം തുടർന്നെങ്കിലും സമാപിക്കാനിരിക്കെ ആംപ്ലിഫയറിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പടർത്തി.
കോട്ടയം തലയോലപ്പറമ്പിൽ ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ വേദിയിലാണ് സംഭവം. മൈക്ക് സ്റ്റാൻഡിൽനിന്ന് ഊരി വന്നതോടെ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും ജോസ് കെ. മാണിയും ശരിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. 10 മിനിട്ടിന് ശേഷം മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കി മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് ആംപ്ലിഫയറിലെ വയർ ഷോട്ടായി തീയും പുകയും ഉയർന്നത്.