സംസ്ഥാനത്ത് പകൽ കൊടും ചൂടും രാത്രി പെരുമഴയും
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയം താപനില ഉയരുന്നു. വൈകുന്നേരവും രാത്രിയും തുലാമഴ ലഭിക്കുന്നതോടെയാണ് പകൽ സമയം താപനില വർധിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ താപനില പ്രകാരം ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കോഴിക്കോട് സിറ്റിയിലും കഴിഞ്ഞ രണ്ട് ദിവസമായി പകൽ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഇന്നും ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്