വേനൽ ശക്തമാകുന്നു; കരുതാം പക്ഷികൾക്കായി ദാഹ ജലം.
തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണി ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ പക്ഷികൾക്കായി ഒരുക്കിയിരുന്ന ‘തണ്ണീർ ഉറികൾ’
എടത്വാ:കേരളം ചുട്ടുപൊളളുന്നു.നാട്ടിലെ നദി,തോടുകൾ,കുളം, വയലുകൾ എല്ലാം വറ്റിവരണ്ടു കൊണ്ടിരിക്കുന്നു. പലയിടത്തും മനുഷ്യൻ ജലത്തിനായി നെട്ടോട്ടം ഓടുന്നു.അപ്പോൾ പക്ഷികളുടെ കാര്യം ?? നിലനിൽക്കട്ടെ നമ്മുടെ ആവാസവ്യവസ്ഥ.വീട്ട് മുറ്റത്തും പറമ്പിലും നമ്മുടെ ജോലി സ്ഥലത്തും പാറിക്കളിക്കുന്ന പക്ഷികൾക്ക് വിശപ്പും ദാഹമൊക്കെ കാണുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ ? പക്ഷികൾക്ക് ഒരിറ്റു വെള്ളം കൊടുക്കാൻ നാം മനസ്സു കാണിക്കാറുണ്ടോ? ഭൂരിപക്ഷം പേർക്കും അതിന് സമയം കിട്ടാറില്ല എന്നതാണ് വാസ്തവം.
പക്ഷികൾ നമ്മുടെ പരിതസ്ഥിതിക്കും മനുഷ്യർക്കും പ്രാധാന്യമുള്ളതാണ്. നമ്മുടെ ആവാസ വ്യവസ്ഥകൾക്കും പരിസ്ഥിതിയെ സന്തുലമാക്കുന്നതിനും പക്ഷികൾ തികച്ചും അവശ്യമായ ഒന്നാണ്. എന്നാൽ മലിനീകരണവും റേഡിയേഷനും കാരണം പക്ഷികളുടെ എണ്ണം ഭുമിയിൽ കുറഞ്ഞുവരുന്നതായാണ് കണ്ടുവരുന്നത്. പക്ഷികളുടെ ജീവൻ രക്ഷിക്കാനായി നമുക്കൊന്നിച്ച് കൈകോർക്കാം.ഒഴിഞ്ഞ പാത്രത്തിലോ ചട്ടിയിലോ കുറച്ച് വെളളം ഒഴിച്ച് വയ്ക്കാം.പക്ഷികളും ദാഹ മകറ്റട്ടെ.