ഹിന്ദു -മുസ്‌ളീം സംഘര്‍ഷം: നാഗ്‌പൂരില്‍ നിരോധനാജ്ഞ

0

നാഗ്‌പൂര്‍ : ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗ്‌പൂരില്‍ ഇന്നലെ ആരംഭിച്ച സംഘർഷം നിലവിൽ നിയന്ത്രണവിധേയമാണെന്നും സെക്ഷൻ 144 ഏർപ്പെടുത്തിയതായും പോലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ അറിയിച്ചു .കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും പോലീസ് അധികാരികൾ ഓർമ്മപ്പെടുത്തി.  . ഉത്തരവ് പ്രകാരം കോട്‌വാലി, ഗണേഷ്‌പേത്ത്, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ബാധകമാണ്.

ഇന്നലെ (മാര്‍ച്ച് 17) വിശ്വ ഹിന്ദു പരിഷത്തിന്‍റെയും ബജ്‌റംഗ്‌ദളിന്‍റെയും പ്രവര്‍ത്തകര്‍ ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി ഒത്തുകൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. 250ഓളം പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിയുമായി ശിവാജി മഹാരാജിന്‍റെ പ്രതിമയ്ക്ക് സമീപം സംഘടിച്ചത്.

പിന്നീട് വൈകിട്ട് 7.30ഓടെ ഭല്‍ദാര്‍പുരയില്‍ 100ഓളം പേര്‍ സംഘടിച്ചെത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ സംഘര്‍ഷം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

നാഗ്‌പൂരിലെ ഹന്‍സപുരി മേഖലയിലാണ് പ്രധാനമായും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ സംഘങ്ങള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും കല്ലെറിയുകയും കടകള്‍ നശിപ്പിക്കുകയും ചെയ്‌തു.’ഒരു സംഘം ആളുകള്‍ ഇവിടേക്ക് വന്നു. അവര്‍ സ്‌കാര്‍ഫുകൊണ്ട് മുഖം മറച്ചിരുന്നു. അവരുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും വടികളും കുപ്പികളും ഉണ്ടായിരുന്നു. അവര്‍ ബഹളം വയ്‌ക്കുകയും കല്ലെറിയുകയും കടകള്‍ നശിപ്പിക്കുകയും ചെയ്‌തു. വാഹനങ്ങള്‍ കത്തിച്ചു.’ -ഹന്‍സപുരിയില്‍ നിന്നുള്ള ദൃക്‌സാക്ഷി പറഞ്ഞു.

എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് പെലീസ് നല്‍കുന്ന വിവരം. ‘സംഘര്‍ഷ ബാധിത പ്രദേശത്തു നിന്ന് ആളുകള്‍ വന്നിരുന്നു. അവര്‍ പറഞ്ഞ പേരുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.’ -നാഗ്‌പൂർ പൊലീസ് കമ്മിഷണർ രവീന്ദർ സിംഗൽ പറഞ്ഞു.

‘സംഘര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ അഗ്നിക്ക് ഇരയാക്കിയിട്ടുണ്ട്. കല്ലേറും നടന്നിട്ടുണ്ട്. പൊലീസ് പരിശോധനകൾ നടത്തുന്നുണ്ട്, ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 144-ാം വകുപ്പ് ചുമത്തിയിരിക്കുകയാണ്, അനാവശ്യമായി പുറത്തിറങ്ങുകയോ നിയമം കയ്യിലെടുക്കുകയോ ചെയ്യരുതെന്ന് എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുത്.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *