ബംഗ്ലാദേശിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ധാക്ക: പൊലീസും അവാമി ലീഗ് (എഎൽ) അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബംഗ്ളാദേശിലെ ഗോപാൽഗഞ്ചിൽ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നടത്തിയ റാലിയെച്ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് അക്രമം പൊട്ടിപുറപ്പെട്ടത്.പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് രാത്രി 8 മണി മുതൽ 22 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. ഏകദേശം 200 ബോർഡർ ഗാർഡ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
ഗോപാൽഗഞ്ചിലെ പൗര പാർക്കിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് എൻസിപി റാലി നടത്താൻ എത്തിയത്. അവാമി ലീഗിൻ്റെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സർക്കാർ നിരോധിച്ച സാഹചര്യത്തിലും പ്രവർത്തകർ പ്രതിഷേധവുമായി എത്തി.ബുധനാഴ്‌ച പുലർച്ചെ ഉൽപൂർ പ്രദേശത്തെ ഗോപാൽഗഞ്ച്-ടെക്കർഹട്ട് റോഡിൽ എഎൽ പ്രവർത്തകർ നൂറുകണക്കിന് മരങ്ങൾ മുറിച്ചിട്ട് ഉപരോധിച്ചു. എൻസിപി റാലി വേദിയിലേക്ക് അതിക്രമിച്ചു കയറുന്നതിന് മുമ്പ് പ്രതിഷേധക്കാർ ഒരു സർക്കാർ വാഹനത്തിന് തീയിടുകയും മറ്റൊരു വാഹനം നശിപ്പിക്കുകയും ചെയ്‌തു.എൻസിപി നേതാക്കൾ റാലിയിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും സംഘർഷം രൂക്ഷമായി. ചൗരംഗിക്ക് സമീപം എഎൽ അനുയായികൾ അവരെ ആക്രമിച്ചു. ഇതിനെ തുടർന്ന് ഗോപാൽഗഞ്ചിൽ നടന്നുകൊണ്ടിരിക്കുന്ന എച്ച്എസ്‌സി, അലിം, എച്ച്എസ്‌സി (വൊക്കേഷണൽ) പരീക്ഷകളും അധികൃതർ മാറ്റിവച്ചു.
ചില പ്രദേശങ്ങളിൽ പ്രകടനക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിയുതിർത്തപ്പോൾ രണ്ട് പേർ വെടിയേറ്റ് വീണു . ഇരകളിലൊരാൾ തൻ്റെ കടയിലേക്ക് പോകുമ്പോൾ വയറ്റിൽ വെടിയേറ്റതായും റിപ്പോർട്ടുണ്ട് .
എൻസിപിയുടെ റാലി തടഞ്ഞത് ലജ്ജാകരവും മൗലികാവകാശ ലംഘനവുമാണെന്ന് ബംഗ്ലാദേശിൻ്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. യുവാക്കൾ അവരുടെ പ്രസ്ഥാനത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ സമാധാനപരമായി ഒത്തുകൂടിയതാണെന്നും അത് തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആക്രമണത്തിന് കാരണം ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും അവരുടെ വിദ്യാർത്ഥി വിഭാഗവുമാണെന്ന് യൂനുസ് കുറ്റപ്പെടുത്തി. “കുറ്റക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം, ബംഗ്ലാദേശിലെ ഒരു പൗരനെതിരെയും ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല, എന്നും അദ്ദേഹം കുറിച്ചു.എൻസിപി അംഗങ്ങൾക്കെതിരായ ആക്രമണത്തെ മുഖ്യ ഉപദേഷ്‌ടാവിൻ്റെ പ്രസ് വിംഗ് ശക്തമായി അപലപിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാഅത്ത്-ഇ-ഇസ്ലാമി എന്നിവയുൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളും അക്രമത്തെ അപലപിച്ചു.