ഇൻ്റർസോണ്‍ കലോത്സവത്തിനിടെയിലെ സംഘർഷം :2 പൊലീസുകാര്‍ക്കും 8 വിദ്യാർഥികള്‍ക്കും പരിക്ക്

മലപ്പുറം : കാലിക്കറ്റ് സർവകലാശാല ഇൻ്റർസോണ്‍ കലോത്സവത്തിനിടെ വളാഞ്ചേരി മജ്‌ലിസ് കോളജിൽ എംഎസ്‌എഫ് എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്കും എട്ട് വിദ്യാർഥികള്‍ക്കും പരിക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ഇൻ്റർസോണ്‍ കലോത്സവം നടക്കുന്നതിനിടെ പുറമെ നിന്ന് സംഘടിച്ചെത്തിയ വിദ്യാർഥികളും കോളജിലെ വിദ്യാർഥികളും തമ്മില്‍ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. കോളജ് കവാടത്തിന് പുറത്തായിരുന്നു സംഭവം. മണിക്കൂറോളം പരിശ്രമിച്ചാണ് വിദ്യാർഥികളെ പൊലീസിന് നിയന്ത്രിക്കാനായത്. പരിക്കേറ്റ പൊലീസുകാരെയും വിദ്യാർഥികളെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു. വിദ്യാർഥി സംഘർഷത്തിൻ്റെ പശ്ചാലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് കോളജും പരിസരവും. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്‌ക്കുന്നത്.
അനു ജിഷ്‌ണു പ്രണോയ്, സിദ്ധാർഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി അഞ്ച് ദിവസമാണ് മത്സരം നടക്കുക. ക്യാംപസ് രാഷ്‌ട്രീയത്തിൻ്റെയും റാഗിങ്ങിൻ്റെയും ഭീകരതയുടെ ഓർമകളിലാണ് വേദികള്‍ക്ക് പേര് നൽകിയിരിക്കുന്നത്.