കുൽഗാമിൽ ഏറ്റുമുട്ടൽ; 5 തീവ്രവാദികൾ കൊല്ലപ്പെട്ടു, 2 സൈനികർക്ക് പരിക്ക്

0

കുൽഗാം : ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ കദ്ദർ പ്രദേശത്ത് കനത്ത വെടിവയ്‌പ്പ് തുടരുകയാണ്.

ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സിആർപിഎഫ്, ആര്‍മി, ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രദേശം വളഞ്ഞത്. സൈന്യത്തിന്‍റെ സാന്നിധ്യം മനസിലാക്കിയ തീവ്രവാദികള്‍ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.അതേസമയം, അഞ്ച് ഭീകരരുടെയും മൃതദേഹങ്ങൾ തോട്ടങ്ങളിൽ കിടക്കുകയാണെന്നും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടോ അതിലധികമോ തീവ്രവാദികൾ പ്രദേശത്ത് ബാക്കിയുണ്ടെന്നാണ് വിവരം. സുരക്ഷ സേന തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഡിസംബർ 3 ന് ശ്രീനഗർ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്‌മീരിലെ ഗഗാംഗീർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ സിവിലിയൻ കൊലപാതകങ്ങളിലും മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും ഭട്ടിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡിസംബർ 19 ന് ദേശീയ തലസ്ഥാനത്ത് ഉന്നതതല സുരക്ഷാ യോഗത്തിന് നേതൃത്വം നൽകിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *