സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കുക : വി.മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു, എന്നാൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ വിവാദ പരാമർശത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.പ്രതിപക്ഷ നേതാവ് സനാതന ധർമം, കാവിവത്കരണം എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എതിർത്തപ്പോൾ സനാതന ധർമം രാജവാഴ്ചയിലേക്കും ജാതീയതയിലേക്കുമുള്ള തിരിച്ചുവരവിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു. ഹൈന്ദവ ദർശനത്തിന് ഹാനികരമാകുന്ന പരാമർശം നടത്തിയ മുഖ്യമന്ത്രിക്ക് എന്ത് മറുപടിയാണ് കോൺഗ്രസ് പാർട്ടിക്ക് നൽകാനുള്ളതെന്നും മുരളീധരന് ചോദിച്ചു.
സാമൂഹ്യ പരിഷ്കർത്താവ് ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിൻ്റെ വക്താവായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്, ശിവഗിരി തീർഥാടനത്തെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.