വിധിക്ക് പിന്നാലെ കോടതിയില്‍ കരഘോഷം : ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിത

0
SHAKE HASEENA JUD

ധാക്ക: കലാപം ക്രൂരമായി അടിച്ചമര്‍ത്തിയെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്ളാദ പ്രകടനം. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹസീനയെ ശിക്ഷിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയായതിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1400 ല്‍ അധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്. 2024 ജൂലൈ 15 നും ഓഗസ്റ്റ് 5 നും ഇടയില്‍ ആയിരുന്നു, സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സൈനിക നടപടിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി കടുത്ത സുരക്ഷയാണ് ധാക്കയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നത്. വിധി ദിനത്തിന് മുന്നോടിയായി ബംഗ്ലാദേശില്‍ സംഘര്‍ഷ സാഹചര്യങ്ങളും നിലന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 30 ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളും 26 വാഹനങ്ങള്‍ അഗ്നിക്കിരയായതും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധാക്ക പ്രത്യേക കോടതി വധ ശിക്ഷ വിധിക്കുമ്പോഴും ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന സുരക്ഷിതയായിരിക്കും എന്നാണ് വിലയിരുത്തല്‍. ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാന്‍ ഒരു സാധ്യതയുമില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹസീനയ്ക്കെതിരായ വധശിക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതിന് പുറമെ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധവും സമീപ കാലത്ത് മോശമാകുന്ന സാഹചര്യമാണുള്ളത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിതയായി തുടരുമെന്ന് മകനും അവരുടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന സജീബ് വാസദും കുറച്ചുനാള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഹസീന ഇന്ത്യയില്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേന അവരെ സംരക്ഷിക്കുമെന്നുമായിരുന്നു സജീബ് വാസദിന്റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *