നഗരജീവിതം നാടക സമൃദ്ധം !

“ഗുരുവായൂരിനടുത്തുള്ള വാക എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച് ,പഠിച്ച് , വളർന്ന ഞാൻ ,അഞ്ച് പതിറ്റാണ്ടിലധികമായി ഈ മഹാനഗരത്തിനോടോപ്പമാണ്.നഗരസ്പന്ദനം തന്നെയാണ് എൻ്റെ ജീവ സ്പന്ദനം എന്നും പറയാം. മുംബൈയുമായിഅത്രമാത്രം വൈകാരികമായ ബന്ധം എനിക്കുണ്ട് . ഞാൻ സുമ മുകുന്ദൻ ആയതും അമ്മയായതും അമ്മൂമ്മയായതും മുതുമുത്തശ്ശിയായതുമൊക്കെ ഇവിടെ വെച്ചാണ് .
ഈ നഗരം തന്ന സ്നേഹവും സ്വാതന്ത്ര്യവും സുരക്ഷയും സൗഹൃദങ്ങളുമൊക്കയാണ് ജീവിതത്തിലെ വലിയ സമ്പാദ്യമായി ഞാൻ കാണുന്നത് .അതൊക്കെ നൽകാൻ ഈ നഗരത്തിനുമാത്രമേ കഴിയൂ എന്ന് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ.
സ്ത്രീവേഷങ്ങൾ ആണുങ്ങൾ മാത്രം ചെയ്തിരുന്ന കാലത്ത് എൻ്റെ നാട്ടിൽ ആദ്യമായി നാടകത്തിനായി ചമയമിട്ട ആദ്യ വനിതയായിരുന്നു ഞാൻ .അന്ന് പ്രായം 12 . കാനം ഇ.ജെ എഴുതിയ ‘മതിലുകൾ ഇടിയുന്നു’എന്ന നാടകത്തിലായിരുന്നു എന്റെ അരങ്ങേറ്റം.അന്ന് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പത്താംക്ലാസും കഴിഞ്ഞു സ്റ്റെനോഗ്രാഫിയും കഴിഞ് 1968 ലാണ് മുംബൈയിലെത്തി ചേച്ചിയുടെകൂടെ താമസം ആരംഭിക്കുന്നത്.കലാജീവിതം പുനരാരംഭിക്കുന്നതും സാമൂഹ്യപ്രവർത്തനരംഗത്ത് കടന്നുവരുന്നതുനോക്കെ ചെമ്പൂർ മലയാളി സമാജത്തിൽ അംഗമായതിനു ശേഷമാണ്. സമാജത്തിനുവേണ്ടി അവതരിപ്പിച്ച ‘ശോകപ്പക്ഷി’ എന്ന നാടകത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മുംബൈ നാടകരംഗത്തേക്ക് കാൽവെക്കുന്നത് .പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ആ കാലത്തുണ്ടായിരുന്ന മുംബയിലെ എല്ലാ നാടക സംഘങ്ങൾക്ക് വേണ്ടിയും വേഷമിട്ടു . അംബർനാഥ് മുതൽ അങ്ങ് വസായ് വരെയുണ്ടായിരുന്ന എല്ലാ സമാജ നാടക വേദികളിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഞാൻ മാറി. നടിമാരെ കിട്ടാൻ ബുദ്ധിമുട്ടിയിരുന്ന കാലത്താണ് കുടുംബത്തിന്റെ പൂർണ്ണപിന്തുണയോടെ അരങ്ങിലെത്തിയിരുന്നത് .
മുബൈയിൽ അറിയപ്പെടുന്ന ഒരു കലാകാരി ആയി അങ്ങനെ ഞാൻ മാറി .International Drama Festival ന് കട്ടക്കിൽ പോയി നാടകം കളിച്ച് നാലു് അവാർഡു് നേടി . നിരവധി നാടകങ്ങളിൽ സുപ്രധാനമായ വേഷത്തിൽ അഭിനയിക്കാൻ സാധിച്ചു. അതോടൊപ്പം സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമായി .കൽവ (താനെ)കൈരളി സമാജത്തിൻ്റെ ജനറൽ സെക്രട്ടറി ആയി 14 കൊല്ലമായി സേവനമനുഷ്ഠിക്കുന്നു ‘AlMA(ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ) ,താനെ മലയാളിഅസ്സോസിയേഷൻ , ചെമ്പൂർ സമാജം , താനെ മേഖല മലയാള മിഷൻ അങ്ങനെ നിരവധി സംഘടനകളോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്നു.
കോവിഡ് വ്യാപന കാലത്തും വെറുതെ ഇരുന്നില്ല. പ്രമുഖ നടി വിദ്യാബാലൻ്റെ അമ്മയായി ‘ഷേർണി’ എന്ന ഹിന്ദി മൂവിയിൽ അഭിനയിച്ചത് ആ കാലത്താണ്.അതോടൊപ്പം കൽവ മുതൽ ദിവരെയുള്ള ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും മരുന്ന് വാങ്ങാൻ കഴിവില്ലാത്തവർക്കും വേണ്ടി ദേശ ഭാഷാ വ്യത്യാസം നോക്കാതെ ഞങ്ങളുടെ സമാജത്തോടൊപ്പം ചേർന്ന് കൊണ്ട് സജീവമായ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങി.. 30 വർഷമായി കലാജീവിതവും സാമൂഹ്യ പ്രവർത്തനവും ഈ എഴുപത്തിരണ്ടാം വയസ്സിലും ഒരു പോലെ കൊണ്ടു പോകുന്നു.ഇതിനെല്ലാം കാരണം മുംബൈ നൽകിയ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ധൈര്യവുമാണ് .ഇവിടെവരെ എത്തി നിൽക്കുമ്പോൾ , നന്ദി ആദ്യം പറയേണ്ടത് എൻ്റെ
മുംബൈയോടല്ലാതെ വേറെ ആരോടാണ് !!?” – സുമാ മുകുന്ദൻ
സുമ മുകുന്ദൻ
സുമ മുകുന്ദൻ + മുംബൈ = നാടകം എന്ന സമവാക്യത്തിൽ സുമചേച്ചിയെ നമുക്ക് ചുരുക്കി പറയാൻ കഴിയും.
നാടകവും മുംബൈ നഗരവും തമ്മിൽ അത്രകണ്ട് ബന്ധമുള്ള മറ്റൊരു വനിത മുംബൈയിൽ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട് . നാടകരംഗത്തെ സഹപ്രവർത്തകരോട് ചോദിച്ചാൽ എടുത്തുപറയുന്നത് മുംബയിലെവിടെയും അരങ്ങത്തും റിഹേഴ്സലുകൾക്കും എത്താൻ കാണിക്കുന്ന അവരുടെ സന്നദ്ധതയും കൃത്യനിഷ്ഠയുമൊക്കെയാണ്. മുംബയിലെ ഉല്ലാസ് നഗറിൽ ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വന്തം അമ്മയുടെ മരണവാർത്ത അറിയുന്നത്.തളരാതെ നാടകം പൂർത്തിയാക്കി .പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തുകൊണ്ടുള്ള ജീവിത യാത്ര.
കുടുംബത്തിൻ്റെ പിന്തുണയില്ലാത്തതുകൊണ്ടു മാത്രം അരങ്ങും അഭിനയ മോഹവും ഉപേക്ഷിക്കുന്ന നിരവധിപേർ മുംബൈയിലുണ്ട് .അവരിൽ നിന്നൊക്കെ വ്യത്യസ്തമായ നയവും നിലപാടുമാണ്
സുമാ മുകുന്ദന്റെ ഭർത്താവ് ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ നിന്ന് വിരമിച്ച കലാഹൃദയമുള്ള മുകുന്ദൻ്റെത്. അദ്ദേഹം എന്നും കൂടെ നിന്നുകൊണ്ടാണ് മുംബൈ നാടകങ്ങളിലെ അവിഭാജ്യഘടകമായി സുമ മുകുന്ദൻ മാറിയതും. മുംബൈ നാടകത്തെ പ്രഗത്ഭരായ, നിലവിലുള്ളതും പൂർവ്വീകരുമായ മിക്ക നടന്മാരോടോപ്പവും അഭിനയിച്ച ഈ കലാകാരിഎഴുപത്തിരണ്ടാമത്തെ വയസ്സിലും പ്രായത്തെ തോൽപ്പിച്ച ഊർജ്ജസ്വലതയോടെ ചിരിച്ച മുഖവുമായി നമ്മളോട് സംവദിക്കുന്നു.ഒരു മലയാള സിനിമയിൽ അഭിനയിക്കണം എന്ന വലിയ മോഹത്തോടെ തന്നെ.
സുമാമുകുന്ദന് 2 പെൺമക്കൾ .ലതിക& ലജിത .ലജിത റയിമെൻ്റ്സിൻ്റ സിങ്കാനിയ സ്കൂളിൽ അധ്യാപികയാണ് . ‘Best teacher പുരസ്കാരം ലഭിച്ചിട്ടുണ്ട് . ഭർത്താവു് മധുസൂദനൻ വ്യവസായിയാണ് . ഇവരുടെ മകൻ സിദ്ധാന്ത് ആസ്ട്രേലിയയിൽ . രണ്ടാമത്തെ മകൾ ലജിതയും, ലജിതയുടെ മകൾ സമക്ഷയും IT കമ്പനിയിൽ ജോലി ചെയ്യുന്നു. സമക്ഷയുടെ മകൾ ജാൻവി . സമക്ഷയുടെ ഭർത്താവ് വിപുൽ ഷായും വ്യവസായിയാണ്.
(തയ്യാറാക്കിയത് : നിഷാ മനോജ് )