നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതിയെ വെടിവച്ചു കൊന്നു
മുംബൈ ∙ ബദ്‌ലാപുരിലെ നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ (24) വെടിവച്ചു കൊന്ന സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ഷിൻഡെ ഏറ്റുമുട്ടൽ വിദഗ്ധൻ. ഒട്ടേറെ അധോലോക കുറ്റവാളികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രദീപ് ശർമയ്ക്കൊപ്പം താനെ ക്രൈം ബ്രാഞ്ചിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ പിടികൂടിയ സംഘത്തിലും അംഗമായിരുന്നു. സഞ്ജയ് ഷിൻഡെ പോയിന്റ് ബ്ലാങ്കിലാണ് അക്ഷയിനെ വെടിവച്ച് വീഴ്ത്തിയത്.
പൊലീസ് ആസൂത്രണം ചെയ്ത ഏറ്റുമുട്ടലിലാണ് അക്ഷയ് ഷിൻഡെയെ കൊലപ്പെടുത്തിയതെന്നു കുടുംബം ആരോപിച്ചു. പൊലീസിനെ ആക്രമിച്ചെന്ന ആരോപണം വിശ്വസിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. മുൻ ഭാര്യയുടെ പരാതിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലാണു പ്രതി കൊല്ലപ്പെട്ടത്. പ്രാണരക്ഷാർഥം പൊലീസ് വെടിവച്ചെന്ന ആരോപണം തള്ളിയ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷികളും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അക്ഷയ് ഷിൻഡെയുടെ കൊലപാതകം മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) അന്വേഷണം നടത്തും. വെടിവയ്പുണ്ടായ പൊലീസ് വാഹനം ഫൊറൻസിക് വിദഗ്ധരുടെ സംഘം പരിശോധിച്ചു. രക്തസാംപിൾ അടക്കമുള്ളവ ശേഖരിച്ചു. സംഭവം നടന്ന മുംബ്ര ബൈപാസിൽ സിഐഡി ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിക്കും. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും അക്ഷയ് ഷിൻഡെയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. അക്ഷയ് ഷിൻഡെയുടെ മൃതദേഹം താനെയിലെ കൽവ സിവിൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനായി മുംബൈയിലെ ജെജെ സർക്കാർ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ് മോർട്ടം ക്യാമറയിൽ പകർത്തും.
അക്ഷയ് ഷിൻഡെക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് അക്ഷയ് നടത്തിയ വെടിവയ്പിൽ നിലേഷ് മോറെ എന്ന പൊലീസുകാരനു പരുക്കുണ്ട്. പ്രതി വെടിയേറ്റ് മരിച്ചതിനു പിന്നാലെ ബദ്‌ലാപുരിൽ ചില പ്രദേശവാസികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യുന്നവരെ വെറുതേ വിടില്ലെന്ന സന്ദേശങ്ങളടങ്ങിയ ബാനറുകളും പ്രദർശിപ്പിച്ചിരുന്നു.
നഴ്സറി സ്കൂൾ അധികൃതർക്ക് മുൻകൂർ ജാമ്യം നൽകാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. സ്കൂൾ ചെയർമാൻ ഉദയ് കോട്‌വാളും, സെക്രട്ടറി തുഷാർ ആപ്തെയും സമർപ്പിച്ച ഹർജി ഒക്ടോബർ 1നു പരിഗണിക്കും. അതുവരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും കോടതി വ്യക്തമാക്കി. ഒളിവിലുള്ള ഇവരെ ഇതുവരെ പ്രത്യേക അന്വേഷണസംഘത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ ഇരുവരുടെയും ജാമ്യഹർജി കല്യാൺ സെഷൻസ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാൻ തയാറാകാതിരുന്നതിന്റെ പേരിലാണ് ഇരുവർക്കുമെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്.