പള്ളി തർക്കം: പള്ളികളുടെ ഭരണത്തില്‍ തല്‍സ്ഥിതി തുടരാം-സുപ്രീംകോടതി

0

ന്യൂഡല്‍ഹി: യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ ആറു പള്ളികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരളത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട എത്ര അംഗങ്ങള്‍ വീതം ഇരുസഭകള്‍ക്കും ഉണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിലവില്‍ ഈ പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തല്‍സ്ഥിതി തുടരണമെന്നാണ് ഇന്നു കോടതി നിര്‍ദേശിച്ചത്. കേസ് ജനുവരി 29, 30 തീയതികളില്‍ കോടതി വിശദമായി പരിശോധിക്കും. അതുവരെ തല്‍സ്ഥിതി തുടരാനാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

പഞ്ചായത്ത് അടിസ്ഥാനത്തിലാണ് യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ കണക്ക് സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്. എത്ര പള്ളികള്‍ ഉണ്ടെന്നുള്ളത് വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്കും നല്‍കണം. തര്‍ക്കത്തിലുള്ള ഓരോ പള്ളികളിലും ഓര്‍ത്തോഡ്ക്‌സ്, യാക്കോബായ വിഭാഗത്തില്‍ എത്രപേര്‍ വീതമുണ്ട് എന്നീ കാര്യങ്ങളും അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.തല്‍സ്ഥിതി നിലനില്‍ക്കെ എതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാം. ഓര്‍ത്തഡോക്‌സ് സഭ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *