അർധരാത്രിയിൽ കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ഒലിച്ചുപോയത് ചൂരൽമല അങ്ങാടി

0

കൽപറ്റ : അർധരാത്രിയിൽ കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ഒലിച്ചുപോയത് ചൂരൽമല അങ്ങാടി. വയനാടിനെ ഞെട്ടിച്ച ഉരുള്‍പൊട്ടലില്‍, ദുരന്തമുഖത്തുനിന്ന് ഉയര്‍ന്നുകേട്ടത് നെഞ്ചുലയ്ക്കുന്ന നിലവിളികളാണ്. ‘ആരെങ്കിലും ഒന്നു ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ, ശ്വാസം കിട്ടണില്ല, മണ്ണിനടിയിലാണ്’ എന്ന വീട്ടമ്മയുടെ കരച്ചില്‍ ഉള്ളുലയ്ക്കും. ചൂരല്‍മല ടൗണിലെ ഒരു വീട്ടില്‍ ഭര്‍ത്താവും മകളും അകപ്പെട്ടതായി കരഞ്ഞുപറയുകയാണ് പ്രദേശവാസിയായ വീട്ടമ്മ. ‘‘ആരെങ്കിലും ഓടിവരണേ, ഞങ്ങളുടെ വീടുപോയി കൂടെയുള്ളയാളെ രക്ഷിക്കാന്‍ പറ്റുന്നില്ല. ചെളിയുടെ ഉള്ളിലാണ്. അവര്‍ക്ക് ജീവനുണ്ടോ എന്ന് അറിയില്ല. മണ്ണിന്‍റെ ഉള്ളിലാണ്. ചെളിയാണ് വായിലൊക്കെ. എങ്ങനെയെങ്കിലും അവരെയൊന്ന് രക്ഷിക്കണം’’ എന്ന് കരഞ്ഞുപറയുകയാണ് വീട്ടമ്മ.

‘‘മുണ്ടക്കൈയില്‍ ഒരുപാട് ആള്‍ക്കാര്‍ മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍‌ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ’’ എന്നും ഫോണുകളിലൂടെ കരഞ്ഞുപറയുകയാണ് വയനാട്ടുകാര്‍. കനത്ത മഴ പെയ്യുന്ന രാത്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. ഉറക്കത്തിൽ നിന്ന് ‍ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തറ്റം ചെളിയിൽ മുങ്ങിയിരുന്നു. രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ജനം അറിഞ്ഞു തുടങ്ങിയത്. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാൻ സാധിച്ചില്ല. എങ്ങും ചെളിയും വെള്ളവും മാത്രമായിരുന്നു. നേരം വെളുത്തപ്പോളാണ് ചൂരൽ മല അങ്ങാടി തന്നെ ഏറെക്കുറെ മണ്ണിനടിയിലായ വിവരം പുറം ലോകം അറിയുന്നത്.

ചൂരൽ മല സ്കൂളിനോട് ചേർന്ന് പുഴ ഒഴുകുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറി ഒഴുകി. സ്കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. സാധാരണക്കാരും തോട്ടം തോഴിലാളികളും പാർക്കുന്ന സ്ഥലമാണ് ചൂരൽമല. ഹാരിസൺസ് തേയില എസ്റ്റേറ്റ് കമ്പനിയുെട സ്ഥലമാണ് ചൂരൽമലയിലെ ഭൂരിഭാഗവും. എത്രപേർ മരിച്ചെന്നോ എത്രപേർ കാണാതായന്നോ നിലവിൽ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്. അതേസമയം, മുണ്ടക്കൈയിൽ എന്താണ് സംഭവിച്ചതെന്നുള്ള വിവരം ഇനിയും ലഭ്യമല്ല. ചൂരൽ മലയിൽ നിന്നുമാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്. ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ഉണ്ടായി എന്നു മാത്രമാണ് പുറത്തുവരുന്ന വിവരം. സൈന്യം എത്തിയാൽ മാത്രമേ മുണ്ടക്കൈയിലേക്ക് എത്താൻ സാധിക്കൂ.

ചെമ്പ്ര, വെള്ളരി മലകളിൽ നിന്നായി ഉൽഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. പുഴയുടെ തീരത്തോട് താമസിച്ചവരാണ് അപകടത്തിൽപ്പെട്ടത്. എവിടെയാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്ന വിവരം ലഭ്യമായിട്ടില്ല. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രമാണ് ചൂരൽമലയിലേക്ക് ദൂരം. പുത്തമലയിൽ ഉരുൾ പൊട്ടലിൽ കാണാതായവരിൽ പലരുടേയും മൃതദേഹം ഇനിയും ലഭിച്ചില്ല. അപ്പോഴാണ് വീണ്ടും ഇതേ സ്ഥലത്ത് മറ്റൊരു ദുരന്തം കൂടി സംഭവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *