ഹൈബ്രിഡ്​ കഞ്ചാവുമായി പിടിയിലായ ക്രിസ്റ്റീന എന്ന തസ്​ലിമക്ക് സിനിമയിൽ ഉന്നത ബന്ധം

0

ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ലഹരി മാഫിയയെ പിടികൂടാൻ സഹായിച്ചത് ഇടനിലക്കാരൻ വഴി. സംഭവം നിയമ വിരുദ്ധമാണെങ്കിലും ഇടനിലക്കാരന് തോന്നിയ മാനസാന്തരമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. ടൂറിസം മേഖല കേന്ദീകരിച്ച് പ്രവർത്തിച്ച മാഹിയ സംഘം കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ എംഡിഎംഎ ഉപയോഗിക്കാൻ നിർബന്ധിച്ചു. ഇതോടെ ഇടനിലക്കാരൻ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.

ആദ്യം എംഡിഎംഎ ഉപയോഗിച്ചവരെ പിടികൂടി, പിന്നാലെ ഫോൺ ചാറ്റിലൂടെ ഇടപാടുകാരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. ഇതോടെ തമിഴ്​നാട്​ തിരുവെല്ലൂർ കത്തിവാക്കത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്​ലിമ സുൽത്താന, ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ. ഫിറോസ്​ എന്നിവരെ എക്സൈസ്​ സംഘം മൂന്ന് കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുകയായിരുന്നു.
ആലപ്പുഴയിലെ ടൂറിസം മേഖലയിലുള്ളവർക്ക് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവാണെന്നാണ് പ്രതികളുടെ മൊഴി. സിനിമ മേഖലയിൽ ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്​ലിമക്ക്​ ലഹരി റാക്കറ്റുമായി ബന്ധമുണ്ട്​. ചൊവ്വാഴ്​ച രാത്രി 10.30ന്​ ആലപ്പുഴ ഓമനപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ്​ തസ്​ലിമ സുൽത്താനയെയും ഫിറോസിനെയും പിടികൂടിയത്​.

രഹസ്യ വിവരത്തെ തുടർന്ന് റിസോർട്ട്​ പരിസരത്ത്​ കാത്തിരുന്ന എക്​സൈസ്​ സംഘം വാഹനത്തിലെത്തിയ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ സിനിമ മേഖയിലെ ചില നടന്മാർക്ക്​ ലഹരിമരുന്ന്​ നൽകുന്നതിൻ്റെയും പെൺവാണിഭത്തിന്​ രണ്ടാം നിര നടിമാരെ ഉപയോഗിക്കുന്നതിന്​ സാമ്പത്തിക ഇടപാടുകൾ നടത്തിയ രേഖകളും കണ്ടെത്തി.എറണാകുളം കാക്കനാട്​ ലോഡ്‌ജിലാണ്​ തസ്​ലിമ താമസിച്ചിരുന്നത്​. ഇവിടെനിന്ന്​ രണ്ടു മക്കളും ഭർത്താവും ഉൾപ്പെടെ കുടുംബസമേതമാണ്​ ലഹരി കൈമാറാൻ ആലപ്പുഴയിലേക്ക്​ എത്തിയത്​. ചോദ്യം ചെയ്യലിൽ ഭർത്താവിനും മക്കൾക്കും ഇത്തരം ഇടപാടുമായി ബന്ധ​മില്ലെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴയിലെ ടൂറിസം മേഖലയിലുള്ളവർക്ക്​ കഞ്ചാവ്​ എത്തിക്കുന്നതിനാണ്​ സുഹൃത്തായ ഫിറോസിൻ്റെ സഹായം തേടിയത്​. ഫിറോസുമായി ദീർഘനാളത്തെ പരിചയമുണ്ട് ഇവർക്ക്​.എന്നാൽ, കഞ്ചാവ്​ ഇടപാടിൽ പിടിയിലാകുന്നത്​ ആദ്യമാണ്​. തായ്​ലാൻഡ്​, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നാണ്​ ഹൈബ്രിഡ്​ കഞ്ചാവ്​ എത്തുന്നത്​. നാല് പൊതികളിലായി മൂന്ന്​ കിലോ കഞ്ചാവാണ് പിടികൂടിയത്​. ഗ്രാമിന്​ 10,000 രൂപയാണ്​ മാർക്കറ്റിൽ വില. കഞ്ചാവി​ൻ്റെ രണ്ട്​ മിശ്രിതങ്ങൾ ചേരുന്ന ഹൈബ്രിഡ്​ കഞ്ചാവ്​ ബെംഗളുരുവിൽ നിന്നാണ്​ കിട്ടി​യതെന്നാണെന്നാണ്​ ഇവർ എക്​സൈസിന്​ നൽകിയ മൊഴി.

ചൈന്നെയിൽ സിനിമ സ്​ക്രിപ്​റ്റ്​ ട്രാൻസ്​ലേറ്ററായിട്ടാണ്​ തസ്​ലിമ പ്രവർത്തിക്കുന്നത്​. മൂന്നുവർഷം മുമ്പ്​ തൃക്കാക്കര പൊലീസ്​ സ്​റ്റേഷനിൽ ഇവർ​ക്കെതിരെ പോക്​സോ കേസുണ്ട്​. പെൺകുട്ടിയെ മയക്കുമരുന്ന്​ നൽകി പീഡിപ്പിച്ച കേസാണിത്​. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയ ശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണ് രീതി.

എക്​സൈസ്​ ഡെപ്യൂട്ടി കമ്മിഷണർ എസ്​. വിനോദ്​കുമാർ, അസി. എക്സൈസ്​ കമ്മിഷണർ അശോക്​കുമാർ, അസി. എക്​​സൈസ്​ ഇൻസ്​പെക്‌ടർ എസ്​ മധു, എക്​സൈസ്​ നാർകോട്ടിക്​ സിഐഎം മഹേഷ്​, പ്രിവൻ്റീവ്​ ഓഫിസർമാരായ സിപി സാബു, എം റെനി, പി അഭിലാഷ്​, അരുൺ അശോക്​, സനൽ സിബിരാജ്​, അസി. ഇൻസ്പെക്‌ടർ എആർ രാജീവ്​, ജീന വില്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *