ആലപ്പുഴയിൽ കോളറ: രോഗി ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: തലവടിയിൽ കോളറ സ്ഥിരീകരിച്ചു. നീരേറ്റുപുറം സ്വദേശി രഘു പിജിക്കാണ് (48) രോഗം സ്ഥിരീകരിച്ചത്. രോഗി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വെന്‍റിലേറ്ററിൽ ചികിത്സയിലാണ്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘുവിനെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്. രക്ത പരിശോധനയിലൂടെയായിരുന്നു രോഗ നിര്‍ണയമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോളറയ്ക്ക് കാരണമാകുന്ന ബാക്‌ടീരിയയായ വിബ്രിയോ കോളറേയുടെ സ്ട്രെയിനുകൾ രക്തത്തിൽ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടലിലെ വ്രണത്തിലൂടെ ഇത് രക്തത്തിൽ പ്രവേശിച്ചിരിക്കാനാണ് സാധ്യത. പക്ഷെ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലവടിയിൽ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ സമീപവാസികളുടെ കിണറിൽ നിന്നും മറ്റ് ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.