ചിത്രപ്രിയയുടെ മരണം കൊലപാതകം : ആണ് സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
