ഇന്ന് ചിങ്ങം ഒന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാം

മലയാളത്തിലെ പുതുവര്‍ഷമാണ് ചിങ്ങമാസം. ഈ മാസത്തിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ആഘോഷിക്കുന്നത് ചിങ്ങ മാസത്തിലാണ്. അത് കൂടാതെ പല വിധത്തിലുള്ള സന്തോഷകരമായ ഐശ്വര്യദായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് ചിങ്ങ മാസത്തിലാണ്. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമായത് കൊണ്ട് തന്നെ ഈ സമയം വളരെയധികം പ്രാധാന്യം മലയാളികള്‍ ചിങ്ങം 1-ന് നല്‍കുന്നു. സമ്പത്സമൃദ്ധിയും ഐശ്വര്യവും കണ്ടുണരുന്നതിന് വേണ്ടി ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒരു പുതുവര്‍ഷമായാണ് എല്ലാവരും ചിങ്ങമാസത്തെ കണക്കാക്കുന്നത്. കര്‍ക്കിടകത്തിലെ ആധിവ്യാധികള്‍ ഒഴിഞ്ഞ് ചിങ്ങത്തിലേക്ക് കടക്കുമ്പോള്‍ അത് ഐശ്വര്യത്തിന്റെതായി മാറണം എന്നാണ് എല്ലാ മലയാളിയും ആഗ്രഹിക്കുന്നതും. ഈ ദിനത്തില്‍ പ്രത്യേക പൂജകളും ചടങ്ങുകളും പലയിടങ്ങളിലും നടക്കും.
പഞ്ഞക്കര്‍ക്കിടകത്തിന് അവസാനം പഞ്ഞക്കര്‍ക്കിടകത്തിന് അവസാനം കുറിച്ച് ചിങ്ങം 1-ന് തുടക്കമിടുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന മാസമാണ് പൊന്നിന്‍ ചിങ്ങ മാസം. ഇന്ന് പക്ഷേ അന്യമായിക്കൊണ്ടിരിക്കുകയാണ് ചിങ്ങമാസത്തിലെ പല കാര്യങ്ങളും. വിളഞ്ഞ നെല്‍ക്കതിര്‍ കൊണ്ട് വന്ന് അകം നിറയ്ക്കുന്ന സമ്പന്നതയുടെ തുടക്കമാണ് ഓരോ മലയാളിക്കും ചിങ്ങം സമ്മാനിക്കുന്നത്. നിറ കുംഭം ചിങ്ങമാസത്തില്‍ ഇന്നും കണ്ടു പോരുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണ് നിറകുംഭം. വടക്കന്‍ കേരളത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. ചിങ്ങത്തിന്റെ സംക്രമം മുതല്‍ ചിങ്ങത്തിന് അവസാനം കുറിക്കുന്ന ദിനം വരെ നിറകുംഭം ഒരുക്കുന്നു. അതിന് വേണ്ടി കിണറില്‍ നിന്ന് വെള്ളം കോരിയെടുത്താണ് കുംഭം തയ്യാറാക്കുന്നത്. ഈ വെള്ളം കോരിയെടുത്ത് അത് മൂന്ന് തവണ സൂര്യനായി സമര്‍പ്പിക്കുന്നു. പിന്നീട് ഒരു മുരടയില്‍ വെള്ളം നിറച്ച് അതിലേക്ക് തുമ്പപ്പൂവും തുളസിയും ചേര്‍ത്ത് ഒരുക്കുന്നു. പിന്നീട് താളിന്റെ ഇലയെടുത്ത് മുരുടയുടെ വായ് ഭാഗം കെട്ടി നിറകുംഭം പടിഞ്ഞാറ്റേയില്‍ സ്ഥാപിക്കുന്നു.
പൂജകള്‍ ഇപ്രകാരം
നിറകുംഭം ഒരുക്കിയതിന് ശേഷം നിലവിളക്ക് കത്തിച്ച് അതിന് മുന്നില്‍ സ്ഥാപിക്കുന്നു. പിന്നീട് വീണ്ടും തുമ്പയും തുളസിയും കൊണ്ട് അര്‍ച്ചന നല്‍കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അടുത്ത ദിവസം വീണ്ടും ഇതാവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് വഴി അത് നമ്മുടെ ജീവിതത്തിലും വീട്ടിലും ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറക്കും എന്നാണ് വിശ്വാസം. വറുതിയൊഴിഞ്ഞ കാലമായി ചിങ്ങമാസത്തെ കണക്കാക്കുന്നതും അതുകൊണ്ട് കൂടിയാണ്.
ചിങ്ങത്തിലെ സൂര്യന്‍
മറ്റേതൊരു മാസത്തേക്കാള്‍ ബലവാനാണ് ചിങ്ങത്തിലെ സൂര്യന്‍. അതുകൊണ്ട് തന്നെ ഈ സമയത്തെ ചടങ്ങുകളും പ്രാര്‍ത്ഥനകളും അത്രയേറെ ഫലം നല്‍കുകയും ചെയ്യുന്നു. ചിങ്ങത്തില്‍ സൂര്യ രശ്മിയേല്‍ക്കുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് വരെ പഴമക്കാര്‍ പറയന്നു. അത് ഏറ്റവും പരിശുദ്ധമായിരിക്കും എന്നാണ് വിശ്വാസം. ഇത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് നിറകുംഭവുമായി പുതുവര്‍ഷത്തിലേക്ക് ചുവട് വെക്കുന്ന മാസമാണ് ചിങ്ങ മാസം.
ക്ഷേത്ര പൂജകളും വഴിപാടുകളും
ചിങ്ങം ഒന്നിന് ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നു. മാത്രമല്ല ഈ ദിനത്തില്‍ ക്ഷേത്രം ഭക്തിമുഖരിതമാകുകയും അനേകം ഭക്തരെത്തുകയും ചെയ്യുന്നു. ശബരിമലയില്‍ അഞ്ച് ദിവസത്തെ ചടങ്ങുകള്‍ ആണ് ചിങ്ങത്തോട് അനുബന്ധിച്ച് നടക്കുന്നത്. കളഭാഭിഷേകം, ഉദയസ്ഥമന പൂജ, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയാണ് ഇവ. അതിന് ശേഷം മാസാവസാന ചടങ്ങുകളോടെ ഇതിന് സമാപനം കുറിയ്ക്കുന്നു.