ചൈന ഓപ്പൺ 2025: പിവി സിന്ധുവിന് ഉജ്ജ്വല വിജയം

0
sindhu

ചാങ്‌ഷൗ: ഒളിമ്പിക് മെഡൽ ജേതാവ്  പിവി സിന്ധുവും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചൈന ഓപ്പൺ 2025 ബാഡ്‌മിന്‍റണിന്‍റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ചാങ്‌ഷൗവിലെ ഒളിമ്പിക് സ്‌പോർട്‌സ് സെന്‍റര്‍ ജിംനേഷ്യത്തിൽ നടന്ന വനിതാ സിംഗിൾസ് ഓപ്പണറിൽ 21-15, 8-21, 21-17 എന്ന സ്‌കോറിന് സിന്ധു, ലോക ആറാം നമ്പർ താരം ജപ്പാന്‍റെ ടോമോക മിയാസാക്കിയെ പരാജയപ്പെടുത്തി.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയമായിരുന്നു ഇതെന്ന് മത്സരശേഷം സിന്ധു പറഞ്ഞു. എതിരാളി ആരായാലും, ആദ്യ റൗണ്ട് കടന്നുപോകാൻ എനിക്ക് വളരെ പ്രധാനമായിരുന്നു, അത് നേടിയതിൽ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ജപ്പാൻ ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ തന്നെ സിന്ധു പുറത്തായിരുന്നു. ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പണിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ഈ വർഷത്തെ സിന്ധുവിന്‍റെ ഏറ്റവും മികച്ച ഫിനിഷിങ്. ബിഡബ്ല്യുഎഫ് സൂപ്പർ 1000 ടൂർണമെന്‍റില്‍ മികച്ച തുടക്കം കുറിച്ച സിന്ധു തുടർച്ചയായി എട്ട് പോയിന്‍റുകൾ നേടി.

ആദ്യ ഗെയിമിൽ 13-5 എന്ന ലീഡ് സിന്ധു നേടിയെങ്കില്‍ രണ്ടാം ഗെയിമിൽ മിയാസാക്കി ഗംഭീരമായി തിരിച്ചടിച്ചു. 7-ഓൾ എന്ന നിലയിൽ നിന്ന് പിന്മാറി മത്സരം സമനിലയിലാക്കി. പിന്നാലെ നിർണായക മത്സരത്തിൽ, ഇടവേളയിൽ സിന്ധു 11-2 എന്ന ലീഡ് നേടി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. അടുത്ത റൗണ്ടിൽ ഉന്നതി ഹൂഡയെയാണ് സിന്ധു നേരിടുന്നത്. 35-ാം റാങ്കിലുള്ള ഉന്നതി, ലോക 29-ാം നമ്പർ താരവും രണ്ട് തവണ കോമൺ‌വെൽത്ത് ഗെയിംസ് മെഡൽ ജേതാവുമായ സ്കോട്ട്ലൻഡിന്‍റെ കിർസ്റ്റി ഗിൽമോറിനെ 21-11, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തി.

പുരുഷ ഡബിൾസിൽ, ലോക റാങ്കിങ്ങിൽ 12-ാം സ്ഥാനത്തുള്ള സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ജപ്പാന്‍റെ കെനിയ മിത്സുഹാഷിയും ഹിരോക്കി ഒകാമുറയും ചേർന്ന സഖ്യത്തെ 21-13, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഇന്ത്യൻ സഖ്യം അടുത്ത മത്സരത്തിൽ ഇന്തോനേഷ്യയുടെ ലിയോ റോളി കാർണാണ്ടോ-ബഗാസ് മൗലാന സഖ്യത്തെ നേരിടും.വനിതാ ഡബിൾസിൽ ഇന്ത്യയുടെ റുതപർണ പാണ്ടയും ശ്വേതപർണ പാണ്ടയും ഹോങ്കോങ്ങ് ചൈനയുടെ യെയുങ് എൻഗാ ടിംഗ്, യെയുങ് പുയി ലാം സഖ്യത്തോട് 21-12, 21-13 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ചൊവ്വാഴ്ച, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു. അതേസമയം പാരീസ് 2024 സെമിഫൈനലിസ്റ്റ് ലക്ഷ്യ സെൻ നേരത്തെ പുറത്തായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *