“ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു ” ; ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ് (Video)

ന്യൂഡൽഹി: ‘ഓപ്പറേഷന്‍ സിന്ദൂർ ‘ സമയത്ത് ചൈനയും തുര്‍ക്കിയും പാകിസ്ഥാന് എല്ലാ വിധ സഹായങ്ങളും നല്‍കിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്‌മെന്‍റ് ആൻഡ് സസ്റ്റെനൻസ്) ലെഫ്റ്റനന്‍റ് ജനറൽ രാഹുൽ ആർ.സിങ് . പാകിസ്ഥാന്‍ ചൈനയുടെ സൈനിക പരീക്ഷണശാലയായി പ്രവർത്തിച്ചൂവെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐസിസിഐ സംഘടിപ്പിച്ച ‘ ന്യൂ മിലിറ്ററി ടെക്‌നോളജീസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷം തുടര്‍ന്ന് കൊണ്ടിരിക്കെ ചൈന പാകിസ്ഥാന് തത്സമയ വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ചൈന അവരുടെ ആയുധങ്ങള്‍ മറ്റ് ആയുധങ്ങള്‍ക്കെതിരെ പരീക്ഷിക്കുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ ചൈന പാകിസ്ഥാന് കൈമാറി കൊണ്ടേയിരുന്നു.
പാകിസ്ഥാനോട് മാത്രമായിരുന്നില്ല ഇന്ത്യയുടെ പോരാട്ടം. മറിച്ച് ചൈനയും തുര്‍ക്കിയും അടക്കം മൂന്ന് എതിരാളികള്‍ ഉണ്ടായിരുന്നുവെന്നും സിങ് പറഞ്ഞു. ചൈനയും തുര്‍ക്കിയും പാകിസ്ഥാന് സൈനിക ഉപകരണങ്ങള്‍ അടക്കം നല്‍കിയിരുന്നു.പാകിസ്ഥാന്‍റെ പക്കലുള്ള 81 ശതമാനം ഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചൈനയെയും പാകിസ്ഥാനെയും നേരിടാൻ ശക്തമായ ഒരു വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ആവശ്യകതയും സിഒഎഎസ് ഊന്നിപ്പറഞ്ഞു. തന്നെയുമല്ല ശക്തമായ ഒരു വ്യോമ പ്രതിരോധ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഭീകരവാദത്തിനെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയതിന് ഇന്ത്യൻ സായുധ സേനയെ ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ ആർ സിങ് പ്രശംസിക്കുകയും ചെയ്‌തു. യുദ്ധം ആരംഭിക്കാൻ എളുപ്പമാണ് എന്നാൽ നിയന്ത്രിക്കാൻ ഏറെ പ്രയാസവും. അതിനാൽ ഉചിതമായ സമയത്ത് യുദ്ധം നിർത്താൻ നടത്തിയ വളരെ വൈദഗ്‌ധ്യമുള്ള ഒരു നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂറിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.