തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യുഎസിലേക്ക്; ചുമതലകൾ മകൻ ഉദയനിധിക്ക് കൈമാറും
ചെന്നൈ : വിദേശ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഓഗസ്റ്റ് അവസാനവാരം യുഎസ് സന്ദർശിക്കും. വ്യവസായികളുമായും മറ്റു സംഘടനകളുമായും ചർച്ച നടത്തുന്നതിന് വേണ്ടിയാണ് സ്റ്റാലിൻ യുഎസിലേക്ക് പോകുന്നത്. ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന യുഎസ് സന്ദർശനം മൂന്നാഴ്ച നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം സ്റ്റാലിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ചുമതലകൾ മകനും കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധിക്ക് കൈമാറുമെന്നാണ് സൂചന. നേരത്തെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഡിഎംകെ ഇത് നിഷേധിച്ചിരുന്നു. സ്റ്റാലിന്റെ യുഎസ് യാത്രയ്ക്ക് മുന്നോടിയായി മന്ത്രിസഭയിൽ ചില നിർണായകമായ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. മന്ത്രിസഭാ പുനസംഘടന വൈകാതെ നടത്തിയേക്കുമെന്നാണ് അഭ്യൂഹം. ചിലരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും.