പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ;സിബിഐ പരാമർശിച്ച് മമതാ
കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാന പോലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം, വനിതാഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ തടസ്സപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്ത് വിവിധ നഗരങ്ങളിലും ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടര്‍മാരാണ് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അതിനിടെ, ആര്‍.ജി. കര്‍ മെഡി.കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഞായറാഴ്ചയാണ് സൂപ്രണ്ടിനെതിരേ നടപടിയുണ്ടായത്. ഇതിനുപിന്നാലെ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിന്‍സിപ്പലിന്റെ രാജി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ ക്രൂരകൃത്യം നടത്തിയ, പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.