‘മുഖ്യമന്ത്രി സ്ഥാനമൊഴിയണം, ‘ദ് ഹിന്ദു’വിന് കത്തെഴുത്തിയത് നാടകം; ജുഡീഷ്യൽ അന്വേഷണത്തിന് ധൈര്യമുണ്ടോ?’
മലപ്പുറം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകമെന്ന് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ് ഹിന്ദുവിന് കത്തയച്ചത്. കാര്യങ്ങൾ കൈവിട്ടപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്. ഇന്നലെ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പൂരെന്ന് തിരുത്തിയതിൽ സന്തോഷമുണ്ട്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മുഴുവൻ അറിയിക്കാനാണ് ഹിന്ദുവിന് അഭിമുഖം നൽകിയത്. ബിജെപി ആർഎസ്എസ് ഓഫിസുകളിൽ ഇത് കാണാനാണ് അഭിമുഖം നൽകിയതെന്നും അൻവർ ആരോപിച്ചു.
‘‘സ്വർണക്കടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോ? എന്നെയും ഉൾപ്പെടുത്തട്ടെ. സുജിത്ത് ദാസും ശശിയുമാണ് സ്വർണക്കടത്തും പൊട്ടിക്കലും ഉരുക്കലുമൊക്കെ നടത്തിയത്. അന്വേഷണത്തിന് വെല്ലുവിളിക്കുകയാണ്. ഇന്നലെ കുറച്ചു മയപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് നാലു മണിക്കാണ് വിജിലൻസ് ഡിവൈഎസ്പി എന്റെ മൊഴിയെടുക്കാൻ എത്തിയത്. മൊഴി തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോർട്ടിൽ ഇന്നലെ എന്റെ മൊഴിയെടുക്കാൻ വരുന്നത് എന്ത് അപഹാസ്യമാണ്.’’– അൻവർ ചോദിച്ചു.