മുട്ടത്തറയിലെ 332 ഫ്‌ളാറ്റുകള്‍ മത്സ്യത്തൊഴിലാളികൾക്കു മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച ‘പുനർഗേഹം’ പദ്ധതി വഴി മുട്ടത്തറയിൽ നിർമ്മിച്ച ഭവനസമുച്ചയത്തിൽ 332 ഫ്ലാറ്റുകൾ മുഖ്യമന്ത്രി പിണറായിവിജയൻ ഗുണഭോക്താക്കൾക്ക് കൈമാറി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിനു നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ‘തീരദേശവാസികൾക്ക് സുരക്ഷിത സ്ഥലത്തു ഭവനം’ എന്നത്. ആ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു .
കേന്ദ്ര സർക്കാരിൽ നിന്നുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസംമൂലം പദ്ധതി രണ്ട് ഘട്ടമായാണ് പൂർത്തീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറിയത്.2023 ഫെബ്രുവരി 10നാണ് ഫ്‌ളാറ്റുകളുടെ നിര്‍മാണം ആരംഭിച്ചത്. റോഡ്, ഡ്രെയിനേജ്, കുടിവെള്ള കണക്ഷന്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂർത്തിയാക്കിയിട്ടുള്ളത്.
ബാക്കി 68 ഫ്ലാറ്റുകളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണ്യാലിൽ പൂർത്തീകരിച്ച 16 ഫ്ലാറ്റുകളുടെയും താക്കോൽ ഇന്നു മുഖ്യമന്ത്രി കൈമാറി.രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്.