ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ജോയിന്റ് റജിസ്ട്രാറുടെ ശമ്പളം
കൊച്ചി : ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്കു ജോയിന്റ് റജിസ്ട്രാറുടെ ശമ്പളം നൽകണമെന്ന നിർദേശം നടപ്പാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ അവസരം നൽകി ഹൈക്കോടതി. നടപ്പാക്കിയില്ലെങ്കിൽ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 31ന് അഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസിൽ തന്റെ ഭാഗം താൻ തന്നെ വാദിച്ചു കൊള്ളാമെന്നു ബിശ്വനാഥ് സിന്‍ഹ കോടതിയെ അറിയിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മുൻപു കേസ് പരിഗണിച്ചപ്പോൾ ബിശ്വനാഥ് സിൻഹ നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഓൺലൈൻ വഴിയാണു സിൻഹ ഇന്ന് ഹാജരായത്. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ കേസ് ലിസ്റ്റ് ചെയ്ത സമയത്ത് എറണാകുളത്തേക്കു പുറപ്പെട്ടതാണെന്നും അന്ന് സിറ്റിങ് ഇല്ലാതിരുന്നതിനാൽ തിരിച്ചു പോവുകയായിരുന്നെന്നും സിൻഹ വ്യക്തമാക്കി. തുടർന്നാണു കോടതി ഉത്തരവ് നടപ്പാക്കാൻ ഒരവസരം കൂടി നൽകുകയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്. അടുത്തതവണ ഓൺലൈൻ വഴിയല്ല, നേരിട്ടു ഹാജരാകേണ്ടി വരുമെന്നും കോടതി പറഞ്ഞു. മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഹർജികളെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവനുസരിച്ച്, ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ജോയിന്റ് സെക്രട്ടറിയുടെ ശമ്പള സ്കെയിലിനു യോഗ്യതയുണ്ടെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി ഒന്നുമുതൽ 85,000–1,17,600 രൂപ പേ സ്കെയിൽ അനുവദിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു റജിസ്ട്രാർ കത്ത് നൽകി. ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിബി തോമസാണു ഹർജി നൽകിയത്.