ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം∙ ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. എന്നാൽ അവരുടെ രേഖകൾ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാർ ഇക്കാര്യത്തിൽ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം.
പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകും. ’’– കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നം സാമുദായിക പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുൻപേ നിയമപരമായി പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളുടെ യോഗവും ആവശ്യപ്പെട്ടു. കോടതി നടപടികൾ ഒഴിവാക്കി കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടികൾ തുടങ്ങണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്.