മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി നൽകി പൂർവവിദ്യാർഥി കൃഷ്ണ ചിവുക്കുല

0

ചെന്നൈ: പൂര്‍വവിദ്യാര്‍ഥിയും ഇന്‍ഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നല്‍കി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തില്‍ ഒരു വ്യക്തിയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് ഇത്.

മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് 1970-ല്‍ എയ്റോ സ്‌പെയ്സ് എന്‍ജിനിയറിങ്ങില്‍ എം.ടെക് ബിരുദം നേടിയ ചിവുക്കുല ചൊവ്വാഴ്ച വൈകീട്ട് ഐ.ഐ.ടി.യില്‍ നടന്ന ചടങ്ങിലാണ് സംഭാവന പ്രഖ്യാപിച്ചത്. ഗവേഷണങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പിനും ഫെലോഷിപ്പിനുമായാണ് ഈ തുക വിനിയോഗിക്കുക. ചിവുക്കലയോടുള്ള ആദരമായി ഐ.ഐ.ടി.യിലെ ഒരു പഠന വിഭാഗത്തിന് കൃഷ്ണ ചിവുക്കുല ബ്ലോക്ക് എന്നു പേരുനല്‍കുമെന്ന് ഐ.ഐ.ടി. ഡയറക്ടര്‍ വി. കാമകോടി അറിയിച്ചു.

ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എം.ബി.എ. നേടിയ ചിവുക്കുല ന്യൂയോര്‍ക്കിലെ ഹോഫ്മാന്‍ ഗ്രൂപ്പ് ഓഫ് കമ്പനി സി.ഇ.ഒ.യായി പ്രവര്‍ത്തിച്ചശേഷമാണ് സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങിയത്. 1990-ല്‍ ശിവ ടെക്നോളജീസും 1996-ല്‍ ഇന്‍ഡോ യു.എസ്. എം.ഐ.എം. ടെക്കും തുടങ്ങി. എന്‍ജിനിയറിങ് സാമഗ്രികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന മെറ്റല്‍ ഇന്‍ജക്ഷന്‍ മോള്‍ഡിങ് (എം.ഐ.എം.) സാങ്കേതികവിദ്യ ചിവുക്കുലയാണ് ഇന്ത്യയിലെത്തിച്ചത്. 1,000 കോടിയോളം രൂപയാണ് വാര്‍ഷിക വിറ്റുവരവ്. 2015-ല്‍ മദ്രാസ് ഐ.ഐ.ടി. ഇദ്ദേഹത്തെ വിശിഷ്ട പൂര്‍വവിദ്യാര്‍ഥിയായി ആദരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *