ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത പദ്ധതി;റെയിൽവേയുടെ ചെലവിൽ

0

പത്തനംതിട്ട: ലാഭം മാത്രം നോക്കിയല്ല ചെങ്ങന്നൂർ-പമ്പ റെയിൽവേ ലൈൻ പദ്ധതിയെന്ന നിലപാടിൽ റെയിൽവേ. കേരളത്തിന് പുറത്തുനിന്ന് കൂടുതൽ തീർഥാടകർക്ക് പമ്പയിലെത്താൻ മെച്ചപ്പെട്ട സൗകര്യമൊരുക്കി റെയിൽവേയുടെ സ്വീകാര്യത വർധിപ്പിക്കുകയെന്നതാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് പിന്നിലെന്നാണ് വിവരം. അഖിലേന്ത്യാതലത്തിൽ പ്രശസ്തമായ ശബരിമലയിലേക്ക് റെയിൽവേയുടെ പൂർണമായ ചെലവിൽ പാതയൊരുക്കുകയാണ് ലക്ഷ്യം. അങ്കമാലി-എരുമേലി ശബരിപ്പാതയുടെ കാര്യത്തിൽ സംസ്ഥാനം നിസ്സഹകരിക്കുന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നതിനിടയിലും, ചെങ്ങന്നൂർ- പമ്പ പാതയുടെ നടപടികൾ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണ്.

പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കിയിരുന്നെങ്കിലും അത് പരിഷ്‌കരിക്കുകയാണ്. 7000 കോടി രൂപ ചെലവിലുള്ള പദ്ധതിയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. ചെലവ് അല്പം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്റ്റിമേറ്റിന്റെ പുനഃപരിശോധന. ഓഗസ്റ്റ് അവസാന ആഴ്ച ഡി.പി.ആർ. റെയിൽവേ ബോർഡിലേക്ക് സമർപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ അനുമതി ഡി.പി.ആറിന് ലഭിച്ചശേഷമായിരിക്കും ബോർഡിലേക്ക് സമർപ്പിക്കുക.

മണ്ഡല-മകരവിളക്ക് സീസണിൽ മാത്രമായിരിക്കും പാത ഉപയോഗിക്കുക എന്നാണ് ഇപ്പോഴത്തെ തീരുമാനം.

ബാക്കിസമയങ്ങളിൽ അടച്ചിടും. ഓരോ മലയാളമാസവും അഞ്ചുദിവസം നട തുറക്കുമ്പോൾ തീവണ്ടി ഓടിക്കണമോയെന്നതിൽ തീരുമാനമായിട്ടില്ല. ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ആവശ്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്ന നിലപാടിലാണ് റെയിൽവേ.

വിദേശത്ത് പ്രത്യേക കാലയളവിൽ മാത്രം തീർഥാടനം നടക്കുന്ന ചില സ്ഥലങ്ങളിൽ ആ സമയത്തേക്ക് മാത്രം തീവണ്ടി സർവീസുള്ള കാര്യം റെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തീർഥാടകർക്ക് പമ്പവരെ എത്താനുള്ള സൗകര്യമുണ്ടെങ്കിൽ അതായിരിക്കും അവർ സ്വീകരിക്കുക എന്ന വാദവും ഉയരുന്നുണ്ട്. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ 360 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്നതും അനുകൂലഘടകമാണ്.

60 കിലോമീറ്റർ നീളമുള്ള പാതയാണ് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂർ, ആറൻമുള, വടശ്ശേരിക്കര, പമ്പ എന്നീ നാല് സ്റ്റേഷനുകളാണുള്ളത്.നിലയ്ക്കലിൽ പാത ഭൂമിക്കടിയിലൂടെയാണ് നിർദേശിച്ചിരിക്കുന്നത്. 50 മിനിറ്റാണ് യാത്രാസമയം നിശ്ചയിച്ചിരിക്കുന്നത്. 16 കോച്ചുകൾ വരെയുള്ള വന്ദേമെട്രോ ട്രെയിനുകൾ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്.മെട്രോ സ്റ്റേഷനുകളുടെ മാതൃകയിലായിരിക്കും ആറൻമുളയിലും വടശ്ശേരിക്കരയിലും പമ്പയിലുമുള്ള സ്റ്റേഷനുകൾ. ചെങ്ങന്നൂർ സ്റ്റേഷൻ ജങ്ഷൻ സ്റ്റേഷനായി മാറും. പമ്പയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്താണ് റെയിൽവേ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *