ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

പൂരാവേശത്തിലാണ് തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. പിന്നാലെ വിവിധ ഘടക പൂരങ്ങള്‍ എഴുന്നള്ളിത്തുടങ്ങി. കാത്തിരിപ്പിന് വിരാമമിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആര്‍പ്പുവിളിച്ചും ആരവം മുഴക്കിയുമാണ് കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്.
ആരാധകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് രാമനെ വരവേറ്റത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തിയിരുന്നത് രാമനായിരുന്നു. ഏഴുവര്‍ഷമായി ഇപ്പോള്‍ അത് നിര്‍വഹിക്കുന്നത് എറണാകുളം ശിവകുമാറാണ്. ഇക്കുറി രാമന്‍ പൂരത്തിന് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതിയുടെ തിടമ്പേറ്റാനായിരുന്നു നിയോഗം. രാവിലെ എട്ടരയോടെ ചെമ്പൂക്കാവ് ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടുകൂട്ടാലകള്‍ക്കൊപ്പം ആണ് രാമന്‍ വടക്കുംനാഥനെ വണങ്ങാന്‍ എത്തിയത്. 11.30ഓടെ മഠത്തില്‍ വരവ് ആരംഭിച്ചു. മഠത്തില്‍വരവിനൊപ്പമുള്ള പഞ്ചവാദ്യം കാണാനായി നിരവധിപേരാണ് ഒത്തുചേര്‍ന്നിരിക്കുന്നത്.
കോങ്ങാട് മധുവിന്റെ നേതൃത്വത്തിലാണ് പഞ്ചവാദ്യം. പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. പൂരത്തിന്റെ ഹൈലൈറ്റായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനുമായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.