സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവർത്തകൻ ; ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർഥികളോ
പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ അപരനായി സിപിഎം തന്നെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്നാണ് വിവരം. എന്നാല്‍ സിപിഎം ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹരിദാസനേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹരിദാസന് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. യു.ആര്‍.പ്രദീപാണ് ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. പ്രദീപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്‌ളക്‌സിലും ഹരിദാസന്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഹരിദാസന്റെ സ്ഥാനാര്‍ഥിത്വം വാര്‍ത്തയായതിന് പിന്നാലെ സിഐടിയു ഈ ഫ്‌ളക്ടസ് ബോര്‍ഡ് മാറ്റുകയും ചെയ്തു.
ചേലക്കരയില്‍ മൂന്ന് മുന്നണിസ്ഥാനാര്‍ഥികളും മൂന്ന് സ്വതന്ത്രരുമാണ് രംഗത്ത്. ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു.. അന്‍വറിന്റെ ഡി.എം.കെ.യുടെ സ്ഥാനാര്‍ഥി എന്‍.കെ. സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം. കഴിഞ്ഞദിവസംനടന്ന സൂക്ഷ്മപരിശോധനയില്‍ രണ്ടുപേരുടെ നാമനിര്‍ദേശപത്രിക തള്ളിയിരുന്നു.