“ആപ്പുകളുടെ റിവ്യൂ – ലൈസൻസുകൾ എന്നിവ പരിശോധിച്ച് ഇടപ്പാടുകൾ നടത്തുക “: അനുരാജ് .വി

മുംബൈ: വ്യാജ ഫോൺ സന്ദേശങ്ങൾ, കോളുകൾ, ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ഇ–മെയിലുകൾ, ഓൺലൈൻ പർച്ചേസിൽ ഉന്നത ബ്രാൻ്റുകളുടെ ലോഗോ ഉപയോഗിച്ച് വ്യാജ സൈറ്റുകളുടെ ഉപയോഗം, അഡൽറ്റ് ചാറ്റ് മുതലായ ആപ്പുകൾ, അനധികൃത ബാങ്കിംഗ് ലോൺ, പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള അപേക്ഷകൾ തുടങ്ങിയ വിഷയങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഓരോ ആപ്പുകളുടെയും റിവ്യൂ പരിശോധിക്കുകയും ലൈസൻസും പരിശോധിച്ച് മാത്രം ഇടപ്പാടുകൾ നടത്തണമെന്നും കേരളാ പോലീസ് സൈബർ ഓപ്പറേഷൻസ് സബ് ഇൻസ്പെക്ടർ അനുരാജ് .
കേരളാ പോലീസ് സൈബർ ഓപ്പറേഷൻസും ഫെയ്മ മഹാരാഷ്ട്രാ വനിതാവേദിയും സംയുക്തമായി ഓൺലൈൻ വഴി നടത്തിയ “സൈബർ ക്രൈം – അറിയേണ്ടതും പ്രതിരോധിക്കേണ്ടതും” എന്ന സൈബർ ക്രൈം ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
അഭ്യസ്തവിദ്യരായവർ പോലും സൈബർ കെണിയിൽ വീഴുന്ന കാലത്ത് എന്തിന്റെ പേരിലായാലും OTP കൈമാറുന്നതും ആർക്കും ഊഹിച്ചെടുക്കാൻ കഴിയുന്നതുമായ പാസ്‌വേഡുകൾ സ്വന്തം അക്കൗണ്ടുകൾക്ക് ഉപയോഗിക്കുന്നതും അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. സങ്കീർണമായ പാസ്‌വേഡുണ്ടാക്കുന്നതും അവ വർഷത്തിൽ 4 തവണയെങ്കിലും മാറ്റുന്നതും സൈബർ ക്രിമിനലുകളെ പ്രതിരോധിക്കാൻ സഹായിക്കും .വിഷിങ്ങും ഫിഷിങ്ങും തുടങ്ങി നിഗൂഢമായ കെണികളൊരുക്കി സൈബർ വഞ്ചകർ പതിയിരിക്കുമ്പോൾ റിസർവ് ബാങ്കും സൈബർ സ്പെഷലിസ്റ്റുകൾ നിർദേശിക്കുന്ന സുരക്ഷാമാർഗങ്ങൾ പാലിക്കേണ്ടത് ഡിജിറ്റൽ യുഗത്തിൽ അത്യന്താപേക്ഷിതമാണെന്നും അനുരാജ് ഓർമ്മപ്പെടുത്തി .മുംബൈ നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ റഫീഖ് എസ് – സെമിനാർ ഉൽഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അനു ബി നായർ സ്വാഗതം പറഞ്ഞു.
സെമിനാറിൽ പങ്കെടുത്തവർ പങ്കുവെച്ച സൈബർക്രൈം അനുഭവങ്ങൾക്ക് അനുരാജ് പരിഹാരങ്ങൾ നിർദ്ദേശിച്ചു.
ഫെയ്മ മഹാരാഷ്ട്രയുടെ 36 ജില്ലകളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികളും സംസ്ഥാന ഭാരവാഹികളും സെമിനാറിൽ സംബന്ധിച്ചു.മോഡറേറ്ററായിരുന്ന സുമി ജെൻട്രി ( സെക്രട്ടറി വനിതാവേദി) ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു.. അജിത അജിത്കുമാർ പിള്ള (സെക്രട്ടറി,പൂനെ സോൺ ) നന്ദിപറഞ്ഞു.