തോമസ് ചാഴികാടൻ എല്ലാ അർത്ഥത്തിലും നാടിന് മാതൃക : മുഖ്യമന്ത്രി പിണറായി
തലയോലപറമ്പ്: ജനപ്രതിനിധിയെന്ന നിലയിൽ അഭിമാനകരമായ പ്രവർത്തനം നടത്തിയ വ്യക്തിയാണ് തോമസ് ചാഴികാടനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കവലയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലപാടിൽ തെളിമയും ആശയസ്ഥിരതയുമുള്ള വ്യക്തിയാണ് തോമസ് ചാഴികാടൻ. എല്ലാ അർത്ഥത്തിലും നാടിന് മാതൃകയാക്കാവുന്ന വ്യക്തിയാണ് ചാഴികാടൻ. പാർലമെന്റിൽ സംസ്ഥാനത്തിനായി ശബ്ദിയ്ക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകാതിരുന്നപ്പോളും തോമസ് ചാഴികാടൻ മണ്ഡലത്തിനും സംസ്ഥാനത്തിനുമായി പോരാട്ടം നടത്തുകയും ജനകീയപ്രശ്‌നങ്ങളിൽ പ്രതികരിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കർഷക പെൻഷനടക്കം വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമഭേദഗതിയിൽ സംഘപരിവാർ മനസിനോട് കോൺഗ്രസ് ഒട്ടിനിൽക്കുകയാണെന്നും ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും ഇല്ലാതാക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി വി.എൻ വാസവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, സി.കെ ആശ എംഎൽഎ, എം.ഡി ബാബുരാജ്, ബേപ്പിച്ചൻ തുരുത്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.