പൊലീസ് ഉദ്യോഗസ്ഥന് സന്ദീപിന്റെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ചവറ: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് സന്ദീപിന്റെ ചവറ തെക്കും ഭാഗത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റി സന്ദീപിന്റെ വീടിനരികിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും മുട്ടയും വടിയും എറിഞ്ഞു. ഉച്ചയോടെയാണ് നടക്കാവ് ജംഗ്ഷനില്‍ നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രകടനമായി എത്തിയത്. പ്രതിഷേധ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൊലീസിനു നേരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ തുടങ്ങി.
ഇതിനിടെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ബാരിക്കേഡ് കടന്ന് പൊലീസ് വലയത്തില്‍ പെട്ടതോടെ സംഘര്‍ഷം തുടങ്ങി. പ്രവര്‍ത്തകനെ വിട്ടയച്ചു സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ തിരിഞ്ഞു. പിന്നാലെ വനിതാ നേതാക്കള്‍ ബാരിക്കേഡു കടന്ന് സന്ദീപിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ഇവരെ അറസ്റ്റു ചെയ്തു നീക്കി. ബാരിക്കേഡ് മാറ്റി മുഴുവന്‍ നേതാക്കളും സന്ദീപിന്റെ വീടിനു മുന്നിലെത്തിയതോടെ മുഴുവന്‍ പേരെയും അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.