ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി പുറത്തിറക്കി

0

ന്യുഡൽഹി ;2025 ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, കോഹ്‌ലി, ശുഭ്‌മാൻ ഗില്‍, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, അർഷ്‌ദീപ് സിങ് എന്നിവർ പുതിയ ജേഴ്‌സി ധരിച്ച് നിൽക്കുന്ന ചിത്രങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു.ജേഴ്‌സിയില്‍ പാകിസ്ഥാൻ എന്ന പേരും ആലേഖനം ചെയ്‌തിട്ടുണ്ട്. ഈ പ്രാവശ്യത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതിനാല്‍ എല്ലാ ടീമുകളുടെയും ജേഴ്‌സിയില്‍ ആ രാജ്യത്തിന്‍റെ പേര് ഉണ്ടാകും.ഇതുകൊണ്ടാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സിയിലും പാകിസ്ഥാൻ എന്ന പേര് ആലേഖനം ചെയ്‌തത്. അതേസമയം, പാകിസ്ഥാൻ പേരുള്ള ജേഴ്‌സി ഇന്ത്യ ധരിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐസിസി നിയമപ്രകാരം ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്‍റെ പേര് ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.ഇതിന്‍റെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ എല്ലാ ടീമുകളുടെയും ജേഴ്‌സിയില്‍ പാകിസ്ഥാന്‍റെ പേര് ആലേഖനം ചെയ്‌തത്. ജേഴ്‌സിയിൽ ടൂർണമെന്‍റിന്‍റെ ലോഗോയും ഉണ്ട്. പാകിസ്ഥാൻ എന്ന പേര് ഇന്ത്യൻ ജേഴ്‌സിയില്‍ വന്നതോടെ ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴി തുറന്നിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ്.സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വച്ച് നടത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ കൊമ്പുകോര്‍ക്കും. തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *