ചാമ്പ്യന്‍സ് ട്രോഫി 2025 : ഐസിസിസമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ പതിപ്പിൽ നിന്ന് മൊത്തം സമ്മാനത്തുക 53 ശതമാനം വർധിപ്പിച്ച് 6.9 മില്യൺ ഡോളറിലെത്തി.
ടൂർണമെന്‍റിൽ പങ്കെടുക്കുന്ന എട്ട് ടീമുകൾക്കും 125,000 ഡോളർ പങ്കാളിത്ത സമ്മാനം ഉറപ്പാണ്. ടൂർണമെന്‍റിലെ വിജയികൾക്ക് 2.24 മില്യൺ യുഎസ് ഡോളർ (ഏകദേശം 20.8 കോടി ഇന്ത്യൻ രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യൺ ഡോളറാണ് (ഏകദേശം 10.4) സമ്മാനം.
സെമി ഫൈനലില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 560,000 ഡോളർ (ഏകദേശം 5.2 കോടി) വീതവും ലഭിക്കും. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഓരോന്നിനും 350,000 ഡോളർ (3 കോടി) ലഭിക്കും, ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 140,000 ഡോളര്‍ (1.2 കോടി) വീതമാണ് സമ്മാനം. കൂടാതെ ഓരോ മത്സരത്തിനും ഐസിസി സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് മത്സരത്തിലെ ഓരോ വിജയത്തിനും 34,000 (29 ലക്ഷം) ഡോളറാണ് നല്‍കുക.