കർഷക സമരം ബുധനാഴ്ച പുനരാരംഭിക്കും; 10ന് രാജ്യവ്യാപക ട്രെയിന്‍ ഉപരോധം

0

 

ന്യൂഡൽഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നൊഴികെയുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. അതേ സമയം പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്‌വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കും.

ചണ്ഡീഗഢില്‍ ഒരാഴ്ച മുമ്പ് നടന്ന നാലാം വട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്നാണ് കര്‍ഷകരെ ഡല്‍ഹി ചലോ പ്രതിഷേധം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 29 വരെ കര്‍ഷകര്‍ തങ്ങളുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തങ്ങിയിരുന്നു. ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി അടച്ച സിംഗു, ടിക്രി അതിര്‍ത്തികള്‍ രണ്ടാഴ്ചയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നു. ഫെബ്രുവരി 13നായിരുന്നു ഈ അതിര്‍ത്തികള്‍ അടച്ചിരുന്നത്.

കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ സര്‍ക്കാരിന് ഉടന്‍ പദ്ധതിയില്ലെന്നും എന്നാല്‍ കര്‍ഷകരുടെ ആശങ്കള്‍ ഉടന്‍ പരിഹാരം കാണുമെന്നും കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട ബുധനാഴ്ച പറഞ്ഞിരുന്നു.

കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്റെ അന്തിമോപചാര ചടങ്ങിനിടയിലാണ് സര്‍വണ്‍ സിങ്ങിന്റെ പ്രഖ്യാപനം. ”മാര്‍ച്ച് മുന്നോട്ട് പോകുന്നതിനിടെ ഫെബ്രുവരി 13ന് ഹരിയാന സര്‍ക്കാര്‍ കണ്ണീര്‍ വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നു. ഫെബ്രുവരി 21ന് യുവാവാവയ ശുഭ്കരണെ അവര്‍ കൊലപ്പെടുത്തി. ട്രാക്ടറുകള്‍ക്ക് പകരം ട്രെയിനുകളിലോ ബസുകളിലോ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നത്. അതുകൊണ്ട് മാര്‍ച്ച് 6ന് ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ ഒഴികെയുള്ളവര്‍ ബസുകളിലും ട്രെയിനുകളിലും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. അവര്‍ ഞങ്ങളെ പോകാന്‍ അനുവദിക്കുമോ എന്ന് നോക്കാം”, അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാര്‍ച്ച് 10ന് ഉച്ചയ്‌ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് ട്രെയിന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തന്റെയും ജഗ്ദീപ് സിങ് ദല്ലേവാളിന്റെയും സംഘടനകളാണ് സമരം നടത്തുന്നതെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറയുകയാണെന്നും മാര്‍ച്ച് ആറിനും പത്തിനുമുള്ള സമരങ്ങളിലൂടെ 200 കര്‍ഷക സംഘടനകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപകമായ സമരമാണിതെന്ന് വ്യക്തമാകുമെന്നും സര്‍വാന്‍ സിങ് പന്‍ഥേര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *