സമാജം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാരവും : സമാജം പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ KKS ചർച്ച സംഘടിപ്പിച്ചു.

0

വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ നേരിടാൻ മലയാളി സമാജങ്ങൾ

മുംബൈ:  മലയാളി സമൂഹത്തിന്റെ കഥ പ്രതിരോധശേഷിയുടെയും സാംസ്കാരിക സംരക്ഷണത്തിന്റെയും മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാക്ഷ്യപത്രമാണ്. 1900-കളുടെ തുടക്കത്തിൽ കേരളത്തിൽ നിന്നുള്ള തൊഴിലന്വേഷകർ തിരക്കേറിയ ഈ നഗരത്തിലേക്ക് ഉപജീവനമാർഗ്ഗങ്ങൾ തേടിയെത്തിയതു മുതൽ, ഊർജ്ജസ്വലമായ മലയാളി സമാജങ്ങളുടെ സ്ഥാപനം വരെ, സമൂഹം സാംസ്കാരിക കൈമാറ്റത്തിന്റെയും പരസ്പര പിന്തുണയുടെയും സമ്പന്നമായ ഒരു ചിത്രം നെയ്തെടുത്തു. എന്നിരുന്നാലും, ഈ പൈതൃകം ചില നിർണായക ഘട്ടങ്ങളിൽ മാത്രമാണ് ഗൗരവമായ കൂട്ടായ്മകൾ സൃഷ്ടിച്ചു പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നത്. മലയാളികൾക്കെതിരെ പ്രാദേശിക സംഘടനകളുടെ ആക്രമണങ്ങൾ, കുവൈറ്റ് യുദ്ധം മൂലം മലയാളികളുടെ പലായനം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ, കോവിഡ് രോഗബാധ തുടങ്ങിയ സമയങ്ങളിൽ മലയാളി സംഘടനകൾ എല്ലാ ചേരിതിരിവുകളും മറന്ന് അവയെ നേരിടാൻ തങ്ങളുടെ ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഒരിക്കൽ സാംസ്കാരിക സ്വത്വത്തിന്റെ വിളക്കുമാടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ പങ്കാളിത്തം കുറയുന്നതിനും തലമുറകളുടെ വിച്ഛേദത്തിനും ആന്തരികവും ബാഹ്യവുമായ ചൂഷണത്തിന്റെ ഭീഷണിക്കും ഇടയിൽ ഉഴലുകയാണ്.ഈ സാഹചര്യത്തിൽ കേരളീയ കേന്ദ്ര സംഘടന വാഷി കേരള ഹൗസിൽ സംഘടിപ്പിച്ച സമാജങ്ങളുടെ സംഗമം ഒരു പുതിയ കാൽവെയ്പ്പായി മാറി.

മതേതര- ജനാധിപത്യ കൂട്ടായ്മകളായ മലയാളി സമാജങ്ങൾ ഈ കാലഘട്ടത്തിൽ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുകയും വ്യത്യസ്തങ്ങളായ പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. സമാജങ്ങളുടെ പ്രശ്നങ്ങൾ ഏറിയകൂറും സമാന സ്വഭാവമുള്ളതാണെന്നും ഏകീകൃതമായ ഒരു പുതിയ പ്രവർത്തനശൈലി രൂപപ്പെടുത്തേണ്ടതാണെന്നും കണ്ടെത്തുവാൻ ഈ സംഗമത്തിന് കഴിഞ്ഞു. പോയ കാലത്തിൻറെ മഹത്വം പറഞ്ഞ് ഗൃഹാതുരത്വത്തിൽ ആലസ്യം പൂണ്ടാൽ, തങ്ങളുടെ യുവത്വവും കുടുംബജീവിതവും ത്യജിച്ച് മുൻതലമുറ പടുത്തുയർത്തിയ പ്രസ്ഥാനങ്ങൾ തകർന്നടിയുമെന്ന ആശങ്ക സമാജം നേതാക്കൾ പങ്കുവെച്ചു. അത് വരും തലമുറയോട് ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റായിരിക്കും. പുതിയ തലമുറയെ പഴിക്കുന്നതിനു പകരം, കാലത്തിൻറെ മാറ്റത്തിനനുസരിച്ച് അവരിൽനിന്ന് പഠിക്കേണ്ടത് പഠിക്കുവാനും വേണ്ടസമയത്ത് അവർക്ക് വഴിമാറി കൊടുക്കുവാനുമുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടതാണെന്ന് സംഗമം പൊതുവേ വിലയിരുത്തി.

‘മലയാളി’ എന്ന പൊതു ഐഡന്റിറ്റിക്ക് പ്രാധാന്യം കുറയുകയും ജാതി-മത- രാഷ്ട്രീയ ഉപ സ്വത്വങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്തതാണ് ഇന്നത്തെ മലയാളി സമാജങ്ങൾ നേരിടുന്ന ഏറ്റവും അപകടകരമായ വെല്ലുവിളി. നഗരം വികസിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങൾ തേടി മറ്റ് പ്രദേശങ്ങളിലേക്ക് മലയാളികൾ കുടിയേറിയപ്പോൾ, ഒരുകാലത്ത് പ്രഭാപൂരിതമായി നിന്നിരുന്ന പല സമാജങ്ങളും അനാഥമാക്കപ്പെട്ടു. അവയിലെ സാമൂഹ്യപ്രതിബദ്ധതയുള്ളവർ കാലത്തിൻറെ യവനികയ്ക്ക് പിന്നിലേക്ക് മടങ്ങുകയോ മറ്റിടങ്ങളിലേക്ക് താമസം മാറ്റുകയോ ചെയ്തപ്പോൾ, ചില സംഘടനകളിലെങ്കിലും സ്വാർത്ഥമോഹികൾ കയറിപ്പറ്റി. അവരിൽ ചിലർ സമാജങ്ങൾ തന്നെ വിറ്റു കാശാക്കി. ഇവിടെ ജനിച്ചുവളർന്ന പുതിയ തലമുറയെ മനസ്സിലാക്കാനോ അവരുടെ അഭിരുചികൾക്കനുസരിച്ച് ഒട്ടു മുക്കാൽ സമാജം നേതൃത്വങ്ങളും ശ്രദ്ധ കാണിച്ചില്ല. മലയാളി എന്നത് തങ്ങളുടെ നിർവചനങ്ങൾക്ക് അകത്താണ് നിൽക്കേണ്ടതെന്ന ചിന്താഗതി മുതിർന്ന പ്രവർത്തകർ തങ്ങളുടെ വാക്കുകളിലും ചെയ്തികളിലും പ്രകടിപ്പിച്ചു. ഇത് പുതിയ തലമുറയെ സമാജങ്ങളിൽ നിന്ന് അകറ്റി.
താൻ നേതൃത്വത്തിൽ നിന്ന് മാറിനിന്നാൽ സംഘടന തകർന്നു പോകുമെന്ന ചിലരുടെ വിശ്വാസം, പുതിയ പ്രവർത്തകരെ സംഘടനകളിൽ നിന്ന് അകറ്റി. വാർഷിക പൊതുയോഗത്തിന് പങ്കെടുക്കുവാൻ പോലും ഭൂരിഭാഗം സാധാരണ അംഗങ്ങൾ വിമുഖത കാണിക്കാൻ കാരണം, സംഘടന ഒരു ഉപജാപക വൃന്ദത്തിന്റെ കൈ പിടിയിലാണെന്ന വിശ്വാസമാണ്. സുതാര്യമായ തെരഞ്ഞെടുപ്പ് പല സംഘടനകളിലും ഏറെക്കാലമായി നടക്കുന്നില്ല.

മലയാള ഭാഷാ പഠനത്തിന് പ്രാഥമിക പരിഗണന നൽകിയിരുന്ന സമാജങ്ങളുടെ സുവർണ്ണകാലം കടന്നുപോയിരിക്കുന്നു. പുതിയ തലമുറയെ ഏതുവിധേനയും മലയാളം പഠിപ്പിക്കാൻ, ചുരുങ്ങിയത് എഴുതാനും വായിക്കാനുമെങ്കിലും പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കൾ ക്കുണ്ടെന്ന മുൻതലമുറയുടെ ദൃഢനിശ്ചയം ഇന്ന് കാണാൻ കഴിയുന്നില്ല.

മറ്റൊരു നാട്ടിൽ വന്ന് തങ്ങളുടെ സ്വത്വം പരിരക്ഷിക്കുന്നതോടൊപ്പം പ്രാദേശിക ജനവിഭാഗങ്ങളുമായുള്ള ഇടപെടലുകൾക്ക് സമാജങ്ങൾ വേണ്ടത്ര പരിഗണന നൽകുന്നില്ല. തങ്ങൾ ജീവിക്കുന്ന ഇടത്ത്, രാഷ്ട്രീയവും സാമൂഹികവുമായി മലയാളിയുടെ ന്യായമായ ഇടം സൃഷ്ടിക്കുന്നതിൽ നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ താല്പര്യങ്ങളാണെങ്കിൽ, അത് മാറ്റിവയ്ക്കണമെന്ന് പല സംഘടന നേതാക്കളും അഭിപ്രായപ്പെട്ടു.

പല സംഘടനകളിലും കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം, ഒരു വിഭാഗം മലയാളികളെ സമാജങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നുണ്ടു്. എന്നാൽ, പ്രവാസി എന്ന നിലയിൽ തങ്ങളുടെ പ്രഥമ പരിഗണന മലയാളി സ്വത്വം പരിരക്ഷിക്കുക എന്നതിൽ ആയിരിക്കണം. എല്ലാ മതവിശ്വാസികളെയും ഉൾക്കൊള്ളുന്നതു പോലെ, എല്ലാ കക്ഷി രാഷ്ട്രീയ വിശ്വാസികളെയും പൂർണമായി വിശ്വാസത്തിൽ എടുത്തായിരിക്കണം സമാജങ്ങളുടെ ഭരണസംവിധാനവും പ്രവർത്തന ശൈലിയും. സംഘടനകൾക്കുള്ളിലെ പ്രശ്നങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവാം. അത് അനിവാര്യമാണുതാനും. എന്നാൽ അവ കക്ഷിരാഷ്ട്രീയ ചേരിതിരിവായി വളരുവാനോ, പുറത്തുള്ള മറ്റൊരു ശക്തിയാൽ നിയന്ത്രിക്കപ്പെടാനോ പാടില്ല.

മുംബൈയിൽ ജനിച്ചു വളർന്ന യുവതലമുറയ്ക്ക് അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ട ബാദ്ധ്യത പലപ്പോഴും ഇല്ല. ആധുനിക ജീവിതശൈലിയുടെ ആകർഷണവും സമൂഹ ബന്ധങ്ങളുടെ ശിഥിലീകരണവും ഇതിനോടൊപ്പം ചേർന്നപ്പോൾ യുവജന പങ്കാളിത്തത്തിൽ ഗണ്യമായ കുറവുണ്ടായി. കൂടാതെ, സമൂഹത്തിനുള്ളിൽ മതപരവും പ്രാദേശികവുമായ ഭിന്ന ഗ്രൂപ്പുകളുടെ ആവിർഭാവം സമാജങ്ങളുടെ വിശാലമായ സാംസ്കാരിക ദൗത്യത്തിലെ ശ്രദ്ധ കുറച്ചു. ഈ സ്ഥാപനങ്ങൾ നിലനിർത്താനുള്ള ഉത്തരവാദിത്തം വഹിക്കുന്ന പ്രായമായ നേതൃത്വം പലപ്പോഴും നേതൃത്വത്തിൽ നിന്നൊഴിയാൻ വിമുഖത പ്രകടിപ്പിക്കുന്നു. മറ്റു പ്രവർത്തകർ ഈ ദീപശിഖ വഹിക്കാൻ തയ്യാറുള്ള പിൻഗാമികളെ കണ്ടെത്തുന്നതിനുള്ള വെല്ലുവിളി നേരിടുന്നു. ഈ സംഘടനകളുടെ ഉടമസ്ഥതയിലുള്ള വിലയേറിയ സ്വത്തുക്കൾ അവസരവാദികളായ വ്യക്തികളുടെ ലക്ഷ്യമായി മാറിയിരിക്കുന്നു, ഇത് സമാജങ്ങളുടെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയാണ്.

വിവിധ മലയാളി സംഘടനകൾ നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന് വ്യക്തമായി അറിയാനും കൂട്ടായി ചർച്ച ചെയ്ത് അവയെ പ്രതിരോധിക്കുവാനായി ഒരു നയരേഖ സൃഷ്ടിക്കുവാനുമായിരുന്നു മാർച്ച് മുപ്പതാം തീയതി ഞായറാഴ്ച്ച മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ മുതിർന്ന നേതാക്കളെ ക്ഷണിച്ചു വരുത്തി സമാജ സംഗമം എന്ന ഒരു പരിപാടി സംഘടിപ്പിച്ചത്. കെ കെ എസിൻ്റെ ഈ സംഗമം മലയാളി സംഘടനകൾ ആത്മാർഥമായി ഏറ്റെടുക്കൂകയും ചർച്ചയിൽനൂറിലേറെ പ്രതിനിധികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു. മേൽപ്പറഞ്ഞ വിഷയങ്ങൾ ഉൾപ്പെടെ അനേകം വിഷയങ്ങൾ സംഗമം ചർച്ച ചെയ്തു. 40 സമാജങ്ങളിൽ നിന്നായി 118 ഭാരവാഹികൾ സംഗമത്തിൽ പങ്കെടുത്തു.

ആദ്യ സെഷനിൽ സമാജം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ താഴെപ്പറയുന്ന അംഗങ്ങൾ സംസാരിച്ചു.ഗിരീഷ് എം- കൈരളി കലാമണ്ഡലം വാഷി,  ആർ. സി. പിള്ള-സെക്രട്ടറി-ഐരോളി സമാജം,
കുസുമകുമാരി അമ്മ-സെക്രട്ടറി, സാന്താക്രൂസ് മലയാളി സമാജം,  കണ്ണൻ തങ്കപ്പൻ-സെക്രട്ടറി, പ്രോഗ്രസീവ് ആർട്ട്സ് ക്ലബ്ബ്, സാക്കി നാക്ക, സണ്ണി മാത്യു-സെക്രട്ടറി- പൻവേൽ മലയാളി സമാജം, രഞ്ജിനി സന്തോഷ്-സെക്രട്ടറി, മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി,  മുരുകൻ പാപ്പനംകോട്-പ്രസിഡണ്ട് വിക്രോളി മലയാളി സമാജം, രാജീവ് നായർ- സെക്രട്ടറി, സീവുഡ്സ്, മലയാളി സമാജം,  പ്രമീള സുരേന്ദ്രൻ- സെക്രട്ടറി വാഗ്ളെ എസ്റ്റേറ്റ് മലയാളി സമാജം, കെ.ടി. നായർ-വൈസ്പ്രസിഡന്റ്  -ന്യൂ ബോബെ കേരളിയ സമാജം, നെരുൾ, ഷീജമാത്യു-വൈസ്- പ്രസിഡണ്ട്കേരള സാംസ്കാരിക വേദി, മിരാ റോഡ്, രാജൻ നായർ-പ്രസിഡണ്ട്നല്ലസെപ്പാര കേരളീയ സമാജം,  ബാബു മാത്യു-ഭരണ സമിതി അംഗം ഭയന്ദർ മലയാളി സമാജം,  സുരേഷ് കുമാർ-സെക്രട്ടറി, കുൽഗാവ്- ബദ്ലാപൂർ മലയാളി സമാജം, സുമ മുകുന്ദൻ-സെക്രട്ടറികൽവ മലയാളി സമാജം,  സുരേഷ് കുമാർ കൊട്ടാരക്കര-പ്രസിഡണ്ട്, ഉല്ലാസ് ആർട്ട്സ് & വെൽഫെയർ അസോസിയേഷൻ, രവി കെ.ആർ- പ്രസിഡണ്ട്, കേരളീയ സമാജം വസായി ഈസ്റ്റ്എം. എസ്. ദാസ്- സെക്രട്ടറി മിരാ റോഡ് മലയാളി സമാജം, ദിനേഷ് പൊതുവാൾ- സെക്രട്ടറി, ബാന്ദ്ര മലയാളി സമാജം,  ഷൈജ ബിജു ഭാസി-സെക്രട്ടറി ഉൾവെ മലയാളി സമാജം, പവിത്രൻ- പ്രസിഡണ്ട്പ്രോഗ്രസീവ് ആർട്ട്സ് ക്ലബ്ബ്, സാക്കി നാക്ക, വർഗീസ് പി.എൽ, ഭരണ സമിതി അംഗം, ന്യൂ ബോംബെ കൾച്ചറൽ സെന്റർ .

രണ്ടാമത്തെ സെഷനിൽ സമാജം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാര മാർഗം എന്ന വിഷയത്തിൽ താഴെപ്പറയുന്ന മുതിർന്ന നേതാക്കൾ സംസാരിച്ചു:  പി. ഒ. തോമസ്, പ്രസിഡണ്ട്, സാന്താക്രൂസ് മലയാളി സമാജം,  പി. രാധാകൃഷ്ണൻ, പ്രസിഡണ്ട്, ട്രോംബെ മലയാളി സാംസ്കാരിക സമിതി, രാജേഷ് നാരായണൻ, സെക്രട്ടറി, നല്ലസൊപ്പാര കേരളീയ സമാജം, പ്രദീപ്-പ്രസിഡണ്ട്, ഖാർഘർ കേരള സമാജം, എസ്. കുമാർ, ഭരണ സമിതി അംഗം, ന്യൂ ബോംബെ കേരളീയ സമാജം, ദാസ്, ഭരണ സമിതി അംഗം, ന്യൂ ബോംബെ കേരളീയ സമാജം,  ടി വി രതീഷ്, സെക്രട്ടരി, അംബർനാഥ് കേരള സമാജം,  സുഭാഷ്, സെക്രട്ടറി, കേരള സമാജം വസായി ഈസ്റ്റ്,  സുധൻ, ഭരണ സമിതി അംഗം, വിക്രോളി മലയാളി സമാജം, ഫ്രാൻസിസ് പി.വി, ഭരണ സമിതി അംഗം, മീരാ റോഡ് മലയാളി സമാജം, ശശീന്ദ്ര കുറുപ്പ്, ഭരണ സമിതി അംഗം, മലയാളി വെൽഫെയർ അസോസിയേഷൻ, ജോഗേശ്വരി, വിജു നമ്പൂതിരി, സെക്രട്ടറി, സെവൻ ആർട്ട്സ്, ചെമ്പൂർ,  ശ്രേയസ് രാജേന്ദ്രൻ, സെകട്ടറി, മലാഡ് മലയാളി സമാജം, ടി ശ്രീകുമാർ, ഭരണ സമിതി അംഗം, ഖാർഘർ കേരള സമാജം.

ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു കരട് രേഖ ഉണ്ടാക്കിയതിന് ശേഷം കെ.കെ. എസ്സിൻ്റെ ഔദ്യഗിക ഗ്രൂപ്പുകളിൽ ഇടാമെന്നും എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കൊണ്ട് നമുക്ക് അന്ത്യരൂപം നൽകാമെന്നും ജനറൽ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു.. മനസ് തുറന്ന് എല്ലാവരും സംസാരിച്ചുവെന്നും സമ്മേളനത്തിന് സഹകരിച്ച എല്ലാ സമാജം ഭാരവാഹികൾക്കും അഭിവാദ്യം അർപ്പിക്കുന്നുവെന്നും പ്രസിഡണ്ട് ടി എൻ ഹരിഹരൻ അറിയിച്ചു.

സെക്രട്ടറി ദിനേഷ് പൊതുവാൾ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *