പറക്കും ബോസാകാൻ ബ്രയാൻ;സ്റ്റാർബക്ക്സ് സി.ഇ.ഒ ദിവസവും ജോലിക്കു പോകുന്നത് 1600 കി.മീ.യാത്രചെയ്ത്

0

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശ്യംഖലയായ സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി നിയമിതനായിരിക്കുകയാണ് ബ്രയാന്‍ നിക്കോള്‍. സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രയാന്‍ നിക്കോള്‍ സ്ഥാനമേറ്റെടുക്കുക. കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാലിഫോര്‍ണിയയില്‍നിന്ന് കമ്പനിയുടെ ആസ്ഥാനമായ സിയാറ്റിലിലേക്ക് 1,600 കിലോമീറ്റര്‍ ദൂരം ബ്രയാന്‍ നിക്കോള്‍ യാത്ര ചെയ്യേണ്ടി വരും. കാലിഫോര്‍ണിയയിലാണ് ബ്രയാന്‍ നിക്കോളിന്‍റെ താമസം. പുതിയ സി.ഇ.ഒയ്ക്ക് യാത്രയ്ക്കായി കോര്‍പറേറ്റ് ജെറ്റ് അനുവദിച്ചിരിക്കുകയാണ് കമ്പനി. ഇതിനായി സ്റ്റാര്‍ബക്ക്‌സ് പ്രതിവര്‍ഷം 2,50,000 ഡോളര്‍ (രണ്ട് കോടിയിലധികം രൂപ) നീക്കിവെക്കും.

എല്ലാ ദിവസവും യാത്ര ചെയ്യാനൊരുക്കമല്ലെങ്കിലും സ്റ്റാര്‍ബക്ക്‌സിന്റെ ഹൈബ്രിഡ് വര്‍ക് പോളിസി അനുസരിച്ച് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും സിയാറ്റിലിലെ ഓഫീസില്‍ ബ്രയാന്‍ നിക്കോള്‍ ജോലിചെയ്യേണ്ടി വരും. 2023 ലാണ് സ്റ്റാര്‍ബക്ക്‌സില്‍ പുതിയ തൊഴില്‍നയം നിലവില്‍ വന്നത്. ചിപോട്ടില്‍ മെക്‌സിക്കന്‍ ഗ്രില്‍ കമ്പനിയുടെ സി.ഇ.ഒ. ആയിരുന്ന അവസരത്തിലും സൂപ്പര്‍ കമ്യൂട്ട് സൗകര്യം ബ്രയാന്‍നിക്കോളിന് ലഭിച്ചിരുന്നു. കമ്പനി ആവശ്യങ്ങള്‍ക്കായി മറ്റ് സ്ഥലങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് വമ്പന്‍ കമ്പനികള്‍ ഈ ഓഫര്‍ നല്‍കുന്നത്.

ബ്രയാന്‍ നിക്കോളിന്റെ സേവനവും സാന്നിധ്യവും മുഖ്യമായും സിയാറ്റിലിലെ സപ്പോട്ടിങ് സെന്ററിലാണ് ആവശ്യമെന്ന് കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു. വിപണിയില്‍ സ്റ്റാര്‍ബക്ക്‌സ് മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സി.ഇ.ഒയുടെ നിയമനത്തിനും അദ്ദേഹത്തിന്റെ സേവനം പരമാവധി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും കമ്പനി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളായ യു.എസ്., ചൈന എന്നിവടങ്ങളില്‍ വ്യാപാരം കുത്തനെ ഇടിഞ്ഞിരുന്നു. തുടര്‍ന്നാണ് നിലവിലെ സി.ഇ.ഒ.ആയ ലക്ഷ്മണ്‍ നരസിംഹനെ മാറ്റി മാര്‍ക്കറ്റിങ് രംഗത്ത് വിദഗ്ധനായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ബ്രയാന്‍ നിക്കോളിനെ സ്റ്റാര്‍ബക്ക്‌സ് സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *