രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ ATM സൗകര്യം ഒരുക്കി മധ്യ റെയിൽവെ

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം ഒരുക്കി മധ്യറെയിൽവെ . മുംബൈ – മൻമാട് പഞ്ചവടി എക്സ്പ്രസിലാണ് സ്വകാര്യ ബാങ്കുമായി സഹകരിച്ച് ആദ്യത്തെ എടിഎം സ്ഥാപിച്ചിരിക്കുന്നത് . എസി കോച്ചിനുള്ളിൽ പ്രത്യേക കാബിനിലാണ് എടിഎം. ഇതോടെ, ട്രെയ്‌ൻ ഓടിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാർക്ക് പണം പിൻവലിക്കാനാകും.
പദ്ധതി വിജയമായാൽ മറ്റു ട്രെയ്‌നുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. പഞ്ചവടി എക്സ്പ്രസിൽ എടിഎം സ്ഥാപിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലാണെന്ന് മധ്യ റെയ്‌ൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സ്വപ്നിൽ നിലാ പറഞ്ഞു.മുംബൈ സിഎസ്ടിയിൽ നിന്നു നാസിക്കിലെ മൻമാട് ജംക്‌ഷനിലേക്ക് പ്രതിദിന സർവീസ് നടത്തുന്ന ട്രെയ്‌നാണു പഞ്ചവടി എക്സ്പ്രസ്. നാലര മണിക്കൂറാണു യാത്രാ സമയം.