അശ്ളീലമുള്ള 24 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

ന്യുഡൽഹി : അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. Big Shots App, Desiflix,BoomexNavarasa Lite, Gulab App ,Kangan App, Bull App, Jalva App, Wow Entertainment, Look Entertainment, HitprimeFeneoShow , XSol Talkies, Adda TV, HotX VIPHulchul App, MoodXNeonX VIPFugi , Mojflix, Triflicks തുടങ്ങിയ 24 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്ക് വീണത്.
കഴിഞ്ഞ മാർച്ചിലും കേന്ദ്ര സർക്കാർ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചിരുന്നു. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിങ്ങനെ ആയിരുന്നു നിരോധനം. ഡ്രീംസ് ഫിലിംസ്, നിയോൺ എക്‌സ് വിഐപി, മൂഡ്‌എക്‌സ്, ബെഷറാംസ്, വൂവി, മോജ്‌ഫ്ലിക്‌സ്, യെസ്‌മ, ഹണ്ടേഴ്‌സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈ ഫ്ലിക്‌സ്, എക്‌സ്ട്രാമൂഡ്, ചിക്കൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ന്യൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചിരുന്നത്.
ഇന്ത്യയിൽ ഈ ആപ്പുകളുടെ വെബ്‌സൈറ്റിലേക്കുള്ള പൊതു ആക്‌സസ് പ്രവർത്തന രഹിതമാക്കാനോ, നീക്കം ചെയ്യാനോ ഇന്‍റർനെറ്റ് സേവന ദാതാക്കൾ തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്. സ്‌ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വ്യവസ്ഥകൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ലംഘിച്ചെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടർന്നാണ് നിരോധന ഉത്തരവിട്ടത്.ഈ പ്ലാറ്റ്‌ഫോമുകളിൽ ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. പ്രായപൂർത്തിയാകാത്തവർ കാണാൻ പാടില്ലാത്ത തരത്തിൽ ലൈംഗികത പ്രദർശിപ്പിക്കുകയും, സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.